ഗാസിയാബാദ്: മൂന്നാം ക്ലാസുകാരിയുടെ തമാശയില്‍ വലഞ്ഞത് ഗാസിയാബാദ് പോലീസ്. കൂട്ടക്കൊല നടന്നുവെന്ന വ്യാജ ഫോണ്‍ സന്ദേശത്തിലൂടെയാണ് എട്ടു വയസ്സുകാരി പോലീസിനെ കുഴക്കിയത്. ഒടുവില്‍ കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയതോടെയാണ് ഒരു മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായത്. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30-ഓടെയാണ് പോലീസ് സംഘത്തിന് എട്ടു വയസ്സുകാരിയുടെ ഫോണ്‍കോള്‍ വന്നത്. 'പോലീസ് അങ്കിള്‍, സര്‍ക്കാര്‍ സ്‌കൂളിന് സമീപം ലെയ്ന്‍ നമ്പര്‍ അഞ്ചില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയിരിക്കുന്നു. ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്' എന്നായിരുന്നു ഫോണ്‍ സന്ദേശം. 

കോള്‍ ലഭിച്ചയുടന്‍ സമീപപ്രദേശങ്ങളില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ പോലീസ് സംഘം പെണ്‍കുട്ടി പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സമീപപ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് പോലീസ് സംഘം ഉറപ്പുവരുത്തി. ഇതോടെയാണ് ആരോ കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ കോള്‍ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നായിരുന്നു മറുപടി. 

എന്നാല്‍, ഏകദേശം അര മണിക്കൂറിന് ശേഷം മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓണ്‍ ആയി. പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. തുടര്‍ന്ന് ഫോണെടുത്തയാളുമായി സംസാരിച്ചതോടെയാണ് 'കൂട്ടക്കൊല' മൂന്നാം ക്ലാസുകാരിയുടെ തമാശയാണെന്ന് വ്യക്തമായത്. ഉടന്‍തന്നെ പോലീസ് സംഘം ഹാജിപുരിലെ കുട്ടിയുടെ വീട്ടിലെത്തി ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തു. 

പെണ്‍കുട്ടി നേരത്തെയും ഇത്തരത്തില്‍ ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. ഒരിക്കല്‍ അമ്മാവനെ വിളിച്ച് അച്ഛന്‍ അപകടത്തില്‍പ്പെട്ടെന്ന് പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം ഈ വിവരമറിഞ്ഞ് കുട്ടിയുടെ വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്തു. വീട്ടിലെത്തിയതോടെയാണ് എട്ടു വയസ്സുകാരിയുടെ തമാശയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്. 

എന്തായാലും പോലീസിനെ കബളിപ്പിച്ച മൂന്നാം ക്ലാസുകാരിയില്‍നിന്ന് ഉദ്യോഗസ്ഥര്‍ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ടി.വിയിലെ ഒരു ക്രൈം സീരിസില്‍നിന്നാണ് പോലീസിനെ വിളിക്കാനുള്ള നമ്പര്‍ ലഭിച്ചതെന്നായിരുന്നു കുട്ടിയുടെ മറുപടി. 
ക്രൈം സീരിസിന്റെ കടുത്ത ആരാധികയായ കുട്ടി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ 112-ല്‍ വിളിച്ചാല്‍ മതിയെന്ന് മനസിലാക്കിയിരുന്നു. ഇതനുസരിച്ചാണ് 112-ല്‍ വിളിച്ചുനോക്കിയത്. മാത്രമല്ല, വിളിച്ചാല്‍ കൃത്യസമയത്ത് പോലീസ് വരുമോയെന്നും കുട്ടിക്ക് അറിയേണ്ടതുണ്ടായിരുന്നു. ഇനിയും ഇത്തരത്തിലുള്ള പ്രാങ്ക് കോളുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയാണ് പോലീസ് സംഘം മടങ്ങിയത്. 

ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മറ്റൊരു വ്യാജ പരാതിയും ഗാസിയാബാദ് പോലീസിനെ കുഴക്കിയത്. മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കാവിനഗര്‍ സ്വദേശിയുടെ പരാതി. എന്നാല്‍, തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ അന്വേഷിച്ച പോലീസ് കാമുകനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

നേരത്തെ ഡല്‍ഹി കലാപത്തിനിടെയും ഗാസിയാബാദ് പോലീസിന് നിരവധി വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അതിര്‍ത്തിക്ക് സമീപം അക്രമം നടക്കുന്നുവെന്ന് പറഞ്ഞ് ഏകദേശം അഞ്ഞൂറോളം വ്യാജ ഫോണ്‍ കോളുകളാണ് അന്ന് പോലീസിന് വന്നത്. ഇതിനുപുറമേ ലോക്ഡൗണ്‍ കാലയളവിലും പോലീസിനെ വലച്ച ഒട്ടേറെ വ്യാജസന്ദേശങ്ങളും ലഭിച്ചിരുന്നു. 

Content Highlights: class three student made prank call to police