മാറനല്ലൂര്‍(തിരുവനന്തപുരം): മൊബൈല്‍ ഫോണിലൂടെ അശ്ലീലചിത്രം കാണിച്ച് ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ എട്ടുപേരെ മാറനല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

മാറനല്ലൂര്‍ മലവിള വീട്ടില്‍ ലാല്‍കൃഷ്ണ(23), പുന്നാവൂര്‍ എസ്.ടി. ഭവനില്‍ ചിക്കു എന്നു വിളിക്കുന്ന വിജിത്(20), പുന്നാവൂര്‍ മോനിഷഭവനില്‍ മോനിഷ്(20), തൂങ്ങാംപാറ വിഷ്ണുനിവാസില്‍ സഹോദരങ്ങളായ അനന്തു(20), വിഷ്ണു(22), അരുമാളൂര്‍ കോണത്ത് വിളാകത്ത് വീട്ടില്‍ അമല്‍(22), വണ്ടന്നൂര്‍ പാപ്പാകോട് ആരാധനാഭവനില്‍ ജിബിന്‍ എന്ന അനൂപ്(24) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. ജിമ്മന്‍ വിഷ്ണു എന്ന വിഷ്ണു ആണ് ഇനി പിടിയിലാകാനുള്ളത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മാറനല്ലൂര്‍ സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരി, സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് അധ്യാപിക അന്വേഷിച്ചപ്പോള്‍ വീട്ടുകാര്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതാണ് കാരണമെന്ന് കുട്ടി മറുപടി പറഞ്ഞു.

അധ്യാപിക വീട്ടുകാരോടു വിവരം ചോദിച്ചു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് മുറിയടച്ചിരിക്കുന്ന കുട്ടിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീലചിത്രങ്ങള്‍ വരുന്നെന്നും ചില യുവാക്കളുമായി സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടെന്നും ഇതാണ് ഫോണ്‍ തല്ലിപ്പൊട്ടിക്കാന്‍ കാരണമായതെന്നും വീട്ടുകാര്‍ അറിയിച്ചു.തുടര്‍ന്ന് അധ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയച്ചു.

ചൈല്‍ഡ് ലൈനില്‍ കൗണ്‍സിലിങ്ങിനെ തുടര്‍ന്നാണ് പീഡനവിവരങ്ങള്‍ പുറത്തറിഞ്ഞത്. വിവരങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മാറനല്ലൂര്‍ പോലീസിനു കൈമാറി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികളില്‍ രണ്ടു പേരാണ് കുട്ടിയെ പീഡിപ്പിച്ചത്.

മൂന്ന് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് മാറനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു പോക്‌സോ കേസും രണ്ട് ബലാത്സംഗ കേസുകളും.

കാട്ടാക്കട ഡിവൈ.എസ്.പി. എസ്.ഷാജി, മാറനല്ലൂര്‍ എസ്.എച്ച്.ഒ. വി.ആര്‍.ജഗദീഷ്, എസ്.ഐ.നൗഷാദ്, ഷാഡോ ഇന്‍സ്‌പെക്ടര്‍ പോള്‍വിന്‍, എ.എസ്.ഐ. സുനിലാല്‍, സി.പി.ഒ.മാരായ നേവിന്‍രാജ്, സതികുമാര്‍, വിജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Content Highlights: class nine student raped in maranallur eight arrested