കോയമ്പത്തൂര്‍: നാല് വിദ്യാര്‍ഥികളടക്കം പത്ത് പേര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കോയമ്പത്തൂരിന് സമീപത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന 15 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളടക്കം ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് മാതാപിതാക്കള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് നീലംപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിനായി കുട്ടിയെ എത്തിച്ചു. പക്ഷേ, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശം. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പെണ്‍കുട്ടി ആശുപത്രിയില്‍നിന്നും കടന്നുകളഞ്ഞു. വൈകീട്ടോടെയാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. 

2016 മുതല്‍ താന്‍ നിരന്തരമായി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡിപ്പിച്ചവരില്‍ സ്‌കൂളിലെ സഹപാഠികളും അയല്‍ക്കാരും ഉള്‍പ്പെടുന്നു. ആദ്യം സ്‌കൂളിലെ ഒരു ആണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ഈ വിദ്യാര്‍ഥി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥികളും പീഡനത്തിനിരയാക്കി. ഇതിനിടെ അയല്‍ക്കാരായ ചിലരും പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 

Read Also: ഒരു മാസം; പോക്സോ കേസ് പ്രതിയായ ബിജെപി നേതാവ് എവിടെയാണെന്നറിയാതെ പോലീസ്, പ്രതിഷേധം....

നാല് വിദ്യാര്‍ഥികളടക്കം ഏഴ് പ്രതികളെയാണ് നിലവില്‍ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാക്കാത്ത നാല് വിദ്യാര്‍ഥികളെ ജുവനൈല്‍ ഹോമിലേക്കും ബാക്കി മൂന്ന് പ്രതികളെ അവിനാശി സബ് ജയിലിലേക്കും മാറ്റി. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: class nine student raped by 10 persons and impregnates in tamilnadu