മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ 14 വയസ്സുകാരിയെ ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ എട്ട് മാസമായി ഏഴ് പ്രതികളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടിലെത്തി നിരവധി തവണയാണ് ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചത്. കേസിലെ മുഖ്യപ്രതിയായ യുവാവാണ് മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശചെയ്ത് നല്‍കിയതെന്നും പോലീസ് പറയുന്നു. 

പീഡനത്തിനിരയായ ഒമ്പതാംക്ലാസുകാരി ബന്ധുവായ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏഴ് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ തൂവ്വക്കാട്, തെയ്യാല സ്വദേശികളായ 22 വയസ്സുകാരനെയും 23-കാരനെയും പോലീസ് കഴിഞ്ഞദിവസം എറണാകുളത്തുനിന്ന് പിടികൂടി. മുഖ്യപ്രതിയടക്കം ബാക്കി അഞ്ച് പ്രതികളും നിലവില്‍ ഒളിവിലാണ്. 

ലോക്ക്ഡൗണ്‍ സമയത്താണ് കേസിലെ ഒന്നാംപ്രതിയായ യുവാവ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പ്രദേശവാസിയായ ഇയാള്‍ പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും എത്തിച്ചുനല്‍കി. വീടിന്റെ മതിലില്‍ ഒളിപ്പിച്ചും മറ്റുമാണ് പെണ്‍കുട്ടിക്ക് കഞ്ചാവ് കൈമാറിയത്. കഞ്ചാവ് വില്‍പ്പനക്കാരന്‍ കൂടിയായ ഇയാള്‍ പിന്നീട് പതിവായി കഞ്ചാവ് നല്‍കി പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി. ഇതിനുപിന്നാലെയാണ് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. 

പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവും സഹോദരന്മാരും മാത്രമേ വീട്ടിലുള്ളൂ. ഇവരറിയാതെ പലസമയത്തും വീട്ടിലെത്തിയ പ്രതി ഒമ്പതാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നാലെ തന്റെ സുഹൃത്തുക്കളായ ആറുപേര്‍ക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശചെയ്തു. കഞ്ചാവ് വില്‍പ്പനയിലൂടെ ഇയാളുമായി സൗഹൃദത്തിലായവരാണ് പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ലഹരിക്ക് അടിമയാക്കി മാറ്റിയ ശേഷമായിരുന്നു ഒമ്പതാംക്ലാസുകാരിയെ ഏഴംഗസംഘം ചൂഷണം ചെയ്തത്. 

കേസിലെ പ്രതികള്‍ കല്‍പ്പകഞ്ചേരിയിലും സമീപപ്രദേശങ്ങളിലും ഉള്ളവരാണെന്നാണ് വിവരം. പോലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞതോടെ പ്രതികളെല്ലാം നാട്ടില്‍നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പകഞ്ചേരി പോലീസ് വിശദമായ അന്വേഷണം നടത്തിയാണ് രണ്ടുപേരെ കഴിഞ്ഞദിവസം പിടികൂടിയത്. ഒളിവിലുള്ള അഞ്ച് പേരെ കൂടി പിടികൂടാനുള്ളതിനാല്‍ അറസ്റ്റിലായവരെക്കുറിച്ച് പോലീസ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Content Highlights: class nine student drugged and raped by seven in kalpakancherry malappuram