വഡോദര: വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ 14-കാരനെ ഒടുവിൽ പോലീസ് കണ്ടെത്തി. ഗുജറാത്ത് വഡോദര സ്വദേശിയായ പത്താം ക്ലാസുകാരനെയാണ് പൂണെയിൽനിന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് പൂണെ പോലീസിന്റെ സഹായത്തോടെ കുട്ടിയെ വഡോദരയിലെത്തിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

ദിവസങ്ങൾക്ക് മുമ്പാണ് 14-കാരനെ വീട്ടിൽനിന്ന് കാണാതായത്. പഠനത്തിൽ ഉഴപ്പുന്നതിലും വെറുതെ സമയം ചിലവഴിക്കുന്നതിലും മാതാപിതാക്കൾ കുട്ടിയെ വഴക്കുപറഞ്ഞിരുന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാത്തതിൽ മുത്തച്ഛനും കുട്ടിയെ ശാസിച്ചു. ഇതോടെയാണ് വീട്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയുമായി 14-കാരൻ നാട് വിട്ടത്.

മകനെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിനിടെയാണ് വീട്ടിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വഡോദര പോലീസ് കുട്ടിയെ കണ്ടെത്തിയത്.

വീട്ടിൽനിന്നിറങ്ങിയ 14-കാരൻ ഗോവയിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽനിന്നും റെയിൽവേ സ്റ്റേഷനിലെത്തി തീവണ്ടി മാർഗം ഗോവയിൽ പോകാനായിരുന്നു പദ്ധതി. എന്നാൽ ആധാർ കാർഡ് ഇല്ലാത്തതിനാൽ ടിക്കറ്റ് ലഭിച്ചില്ല. തുടർന്ന് അമിത് നഗർ സർക്കിളിലെത്തി പുണെയിലേക്ക് ബസ് കയറി. അവിടെനിന്ന് ഗോവയിലേക്കും ബസിലായിരുന്നു യാത്ര.

ഗോവയിലെത്തിയ 14-കാരൻ ക്ലബുകളിലാണ് ഏറെസമയവും ചിലവഴിച്ചത്. കൈയിലെ പണം തീരാറായതോടെ ഗുജറാത്തിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു. ഗോവയിൽനിന്ന് പുണെയിലെത്തി, പുതിയ സിം കാർഡ് വാങ്ങി മൊബൈൽ ഫോണിലിട്ടു. തുടർന്ന് നഗരത്തിലെ ട്രാവൽ ഏജൻസിയിലെത്തി ടിക്കറ്റും ബുക്ക് ചെയ്തു. ഇതാണ് പോലീസ് അന്വേഷണത്തിൽ നിർണായകമായത്.

ഫോൺ ഓണായതോടെ സ്ഥലം കണ്ടെത്തിയ പോലീസ് ഉടൻതന്നെ ട്രാവൽ ഏജൻസി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. തന്ത്രപൂർവം കുട്ടിയെ ഓഫീസിൽതന്നെ ഇരുത്താനായിരുന്നു നിർദേശം. പിന്നാലെ പുണെ പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് പുണെ പോലീസെത്തി കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം പുണെ പോലീസ് കുട്ടിയെ വഡോദര പോലീസിന് കൈമാറി.

Content Highlights:class 10 student flees to goa with money police found him later