ചിറ്റൂര്‍(പാലക്കാട്): കല്ലായിക്കുളമ്പ് സ്വദേശിയായ പതിനഞ്ചുകാരിയെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിലായി.വണ്ടിത്താവളം അത്തിമണി ആഷ മന്‍സിലില്‍ എസ്. ആസാദാണ് (25) അറസ്റ്റിലായത്. 

ചൊവ്വാഴ്ച രാവിലെ 10-നാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല.

കുട്ടിയുടെ അച്ഛന്‍ പുറത്തുപോയി തിരികെയെത്തിയപ്പോള്‍ മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചിറ്റൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രാത്രി പത്തുമണിയോടെ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തപ്പോള്‍തന്നെ യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് ചിറ്റൂര്‍ സി.ഐ. ഇ.ആര്‍. ബൈജു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂയെന്നും പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)