എരമംഗലം(മലപ്പുറം): ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിക്കിടെ പിതാവിന് ദാരുണാന്ത്യം. വെളിയങ്കോട് കിണർ ബദർ പള്ളിയ്ക്ക് സമീപം പള്ളിയകായിൽ ഹംസ (65) യാണ് മർദനമേറ്റ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഹംസയുടെ മകൻ ആബിദ് (35), മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റുചെയ്തു. ഹംസയുടെ ഭാര്യ സൈനബയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും വ്യാഴാഴ്ച രാത്രിയോടെ വിട്ടയച്ചു.
വ്യാഴാഴ്ച പകൽ പത്തിന് നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹംസയുമായി ഭാര്യയും മക്കളും കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതിനിടയിൽ മക്കൾ സംരക്ഷിക്കുന്നില്ലെന്നും വീട്ടിൽനിന്ന് ഇറങ്ങിയില്ലെങ്കിൽ കൊന്നുകളയുമെന്ന് മകൻ ആബിദ് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഒക്ടോബർ ഒന്നിന് കൊല്ലപ്പെട്ട ഹംസ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടയിൽ ഹംസ ഇറക്കിവിട്ടെന്ന് പറഞ്ഞ് ഭാര്യ സൈനബ ചെന്നൈയിലുള്ള മകളുടെ അടുത്തേക്കുപോയി. ആബിദ് ഭാര്യയുടെ വീട്ടിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ സൈനബ പൊന്നാനി മുൻസിഫ് കോടതിയെ സമീപിച്ചു. വീട്ടിൽ കയറുന്നതിന് ഇവർക്ക് മാത്രമായി കോടതി അനുമതി നൽകി. ഈ ഉത്തരവുമായി വ്യാഴാഴ്ച സൈനബ വെളിയങ്കോട്ടെ വീട്ടിൽ എത്തിയപ്പോൾ കൂടെ രണ്ടുമക്കളും മരുമകളും ഉണ്ടായിരുന്നു.
വീട്ടിലെത്തിയ ഭാര്യയും മക്കളും ഹംസയും തമ്മിൽ ബഹളമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ മക്കളുടേയും മരുമകളുടേയും അടിയേറ്റാണ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടുവീണത്.
ഇതിനിടെ മകൻ ആബിദ് വീട്ടിൽ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പി.ഡി.പി. സ്ഥാനാർഥി കുന്നത്ത് മൊയ്തുണ്ണിയും പ്രവർത്തകനും ഹംസയുടെ വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ വെള്ളം കൊടുക്കാൻ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് മൊയ്തുണ്ണി പറഞ്ഞു. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം.
കൊല്ലപ്പെട്ട ഹംസയുടെ മുഖത്ത് പരിക്കുള്ളതായും പ്രതികൾക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തതായും പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ കേഴ്സൺ മാർക്കോസ് പറഞ്ഞു.
വെള്ളിയാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം വെളിയങ്കോട് മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
Content Highlights:clash with children father dies in eramangalam son daughter and daughter in law arrested