കോയമ്പത്തൂര്‍: അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ച യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശി ജയകുമാറിനെ(25)യാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ വെള്ളിങ്കിരിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. 

തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ ഇതിനിടെയാണ് സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. തുടര്‍ന്ന് മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് വെള്ളിങ്കിരിയുടെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. ഇത് വെള്ളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും നിരന്തരം അടിച്ചു. അടിയേറ്റ ജയകുമാര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്നാണ് ജയകുമാറിന്റെ അമ്മയുടെ പരാതിയില്‍ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Content Highlights: clash over porotta man killed youth in coimbatore