ലഖ്നൗ: വിവാഹചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ വധുവിന്റെ അമ്മാവൻ കുത്തേറ്റ് മരിച്ചു. നാല് പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഉത്തർപ്രദേശിലെ ബറേലിയിലെ നവാബ്ഗഞ്ചിലാണ് സംഭവം. അക്രമങ്ങളെ തുടർന്ന് വിവാഹചടങ്ങുകൾ നിർത്തിവെച്ചു.

ബറേലിയിലെ ബഹേദി സ്വദേശിയായ രാംകുമാർ കശ്യപിന്റെ മകളും നവാബ്ഗഞ്ച് സ്വദേശി ലാൽത പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹചടങ്ങാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. വിവാഹത്തിന് മുമ്പുള്ള തിലക് എന്ന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഘർഷം ഉടലെടുത്തത്.

തിലക് ചടങ്ങിൽ പങ്കെടുക്കാനായി വധുവിന്റെ പിതാവും ബന്ധുക്കളും തിങ്കളാഴ്ച രാത്രി വരന്റെ വീട്ടിലെത്തി. തുടർന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടരും വരന്റെ ബന്ധുക്കളും തമ്മിൽ പ്ലേറ്റിനെച്ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷത്തിനിടെ വരന്റെ ബന്ധുവായ ഭാഗവന്ദ്ദാസ് വധുവിന്റെ അമ്മാവനായ മാൻഷറാമിനെ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മിക്കവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ മുഖ്യപ്രതിയായ ഭാഗവന്ദ്ദാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലാൻ ഉപയോഗിച്ച ആയുധവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കേസിൽ മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Content Highlights:clash over plate in wedding ceremony brides uncle stabbed to death