ഭോപ്പാല്‍:  ഹോം ക്വാറന്റീനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബിന്ധ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രേംനഗര്‍ കോളനിയിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 

പ്രേംനഗര്‍ കോളനിയില്‍ താമസിക്കുന്ന കലാവതി(55), സഹോദരന്‍ വിഷ്ണു(55) എന്നിവരാണ് മരിച്ചത്. സംഘര്‍ഷത്തിനിടെ തലയില്‍ കല്ല് കൊണ്ടുള്ള അടിയേറ്റാണ് കലാവതി മരിച്ചത്. കത്തിക്കുത്തേറ്റായിരുന്നു വിഷ്ണുവിന്റെ മരണം. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരേ കേസെടുത്തതായും അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

വെള്ളിയാഴ്ച വൈകുന്നേരമാണ് കോളനിയില്‍ സംഘര്‍ഷമുണ്ടായത്. ഒരു മാസം മുമ്പ് ഡല്‍ഹിയില്‍നിന്നെത്തിയ യുവാവ് കോളനിയിലെ തന്റെ ഭാര്യാപിതാവിന്റെ വീടിന് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ വീടിന്റെ പുറത്ത് ഇരിക്കുകയായിരുന്ന ഇയാളോട് സമീപവാസികള്‍ ഹോം ക്വാറന്റീനില്‍ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സമീപവാസികളും യുവാവിന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തത്. സംഘര്‍ഷത്തിനിടെ വിഷ്ണുവിന് കുത്തേല്‍ക്കുകയും കലാവതിക്ക് തലയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

Content Highlights: clash over home quarantine of man, two killed in madhya pradesh