മാരാരിക്കുളം: ബീഫ് ഫ്രൈ ചോദിച്ചപ്പോൾ ബീഫ് കറി നൽകിയതിന് പട്ടാപ്പകൽ വയോധികനായ ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു. എസ്.എൽ.പുരം ഹോട്ടൽ ഊട്ടുപുരയിലെ ജീവനക്കാരൻ പൊള്ളേത്തൈ നടുമുറിയിൽ ശ്രീനാഥക്കുറുപ്പി (ഭാസ്കരൻ-60)നാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. മൂന്ന് യുവാക്കളാണ് മദ്യലഹരിയിൽ ഭാസ്കരനെ ആക്രമിച്ചത്. കഴിഞ്ഞയാഴ്ച ബീഫ് റോസ്റ്റ് ചോദിച്ചപ്പോൾ ബീഫ് കറി കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഹോട്ടലിന്റെ അടുക്കളയിൽ കയറിയാണ് ഭാസ്കരനെ ആക്രമിച്ചത്. തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റ ഭാസ്കരനെ ആദ്യം മുഹമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെനിന്ന് ആലപ്പുഴ വണ്ടാനം ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം പോലീസ് കേസെടുത്തു.

Content Highlights:clash over beef curry hotel employee attacked in alappuzha