പറവൂര്‍: ദേശീയപാതയില്‍ കാര്‍ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുകര പള്ളത്ത് അര്‍ജുന്‍ (19), മലയില്‍ ആരോമല്‍ (19), കുളവേലിപ്പാടത്ത് നിജില്‍ (20), ആനാട്ട് വിധു കൃഷ്ണന്‍ (19) എന്നിവരും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് മുനമ്പം കവലയിലായിരുന്നു സംഭവം.

കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്നു രണ്ടു കാറുകളും. പറവൂര്‍ സ്വദേശികളായ യുവാക്കളായിരുന്നു ഒരു കാറില്‍. കൊച്ചി വിമാനത്താവളത്തിലേക്കു പോയ കൊടുങ്ങല്ലൂര്‍ വെളിപ്പറമ്പ് ഇസഹാക്കും കുടുംബവുമായിരുന്നു മറ്റൊരു കാറില്‍ ഉണ്ടായിരുന്നത്. ഇസഹാക്കിനെ ഖത്തറിലേക്ക് യാത്രയയയ്ക്കാന്‍ പോകുകയായിരുന്നു ഇവര്‍. മൂത്തകുന്നം ഭാഗത്തുവച്ച് ഇരുകൂട്ടരും കാര്‍ സൈഡ് കൊടുത്തതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. പിന്നീട് മുനമ്പം കവലയില്‍ എത്തിയപ്പോഴായിരുന്നു ഇരുകൂട്ടരും ഏറ്റുമുട്ടിയത്.

യുവാക്കള്‍ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ദേശീയപാതയില്‍ ഗതാഗത തടസ്സവുമുണ്ടാക്കി. സ്ഥലത്തെത്തിയ വടക്കേക്കര പോലീസിനു മുന്നില്‍വെച്ചും വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. കൊടുങ്ങല്ലൂര്‍ സ്വദേശികളുടെ കാറിന്റെ പിന്നിലെ ചില്ലിന് യുവാക്കള്‍ കല്ലെറിഞ്ഞു.

ചില്ലുപൊട്ടി വാഹനത്തിലുണ്ടായിരുന്ന പന്ത്രണ്ടുകാരന് പരിക്കേറ്റു. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇസഹാക്കിനെ മറ്റൊരു കാറില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. അറസ്റ്റിലായ നാലു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളെ ചൊവ്വാഴ്ച ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.