തൊടുപുഴ: പെണ്‍കുട്ടി കാമുകനൊപ്പം പോയതിനെച്ചൊല്ലി മുട്ടം കോടതി വളപ്പില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകീട്ട് 5.30-നായിരുന്നു സംഭവം.

മകളെ തട്ടിക്കൊണ്ടുപോയെന്ന തൊടുപുഴ സ്വദേശിയായ അഭിഭാഷകന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് വൈകീട്ട് പോലീസ് പെണ്‍കുട്ടിയെ തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

വിചാരണയ്ക്കിടെ കാമുകന്റെയൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി ജഡ്ജിയെ അറിയിച്ചു. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന പരിഗണനയില്‍ ഇഷ്ടമുള്ളയാള്‍ക്കൊപ്പം പോകാന്‍ ജഡ്ജി പെണ്‍കുട്ടിയെ അനുവദിച്ചു. കോടതിയില്‍നിന്ന് പുറത്തേക്കുവന്നപ്പോള്‍ പിതാവും ബന്ധുക്കളും ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ കാറില്‍കയറ്റാന്‍ ശ്രമിച്ചു.

പെണ്‍കുട്ടി ബഹളംവെയ്ക്കുകയും കോടതിയുടെ വെളിയില്‍നിന്നിരുന്ന കാമുകനും കൂട്ടരും ഇവരെ തടയുകയുംകൂടി ചെയ്തതോടെ സംഘര്‍ഷാവസ്ഥയായി.

തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എല്ലാവരെയും പുറത്താക്കി കോടതിയുടെ മെയിന്‍ ഗേറ്റ് അടച്ചാണ് പ്രശ്‌നം പരിഹരിച്ചത്.