കൊട്ടാരക്കര : യുവതിയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് ഭര്‍ത്തൃവീട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനു കാരണമായി. ഉമ്മന്നൂര്‍ ഇടവരിക്കല്‍ കോളനിയില്‍ അഭിലാഷിന്റെ ഭാര്യ ജാനു(22)വിനെ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ജാനുവിന്റെ ബന്ധുക്കള്‍ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കി.

മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പോലീസ് നടത്തിയ ചര്‍ച്ചയില്‍ ജാനുവിന്റെ വാളകത്തെ വീട്ടില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹവുമായെത്തിയ ആംബുലന്‍സ് ഉമ്മന്നൂരില്‍ അഭിലാഷും ബന്ധുക്കളും ചേര്‍ന്ന് തടയുകയായിരുന്നു. ഉമ്മന്നൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആംബുലന്‍സ് തടഞ്ഞത്. ആംബുലന്‍സിനൊപ്പമുണ്ടായിരുന്ന ജാനുവിന്റെ ബന്ധുക്കളുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായി.

ജനപ്രതിനിധികളും പോലീസും ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയും മൃതദേഹം വാളകത്തെ വീട്ടിലെത്തിച്ച് സംസ്‌കരിക്കുകയുമായിരുന്നു. മൂന്നുവയസ്സുള്ള ശബരി കൃഷ്ണനും ആറുമാസം പ്രായമായ ശിവാനി കൃഷ്ണയുമാണ് മക്കള്‍.