കൊല്ലം : പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലില്‍ത്തോപ്പ് കോളനിയില്‍ വാക്കേറ്റം. പ്രശ്‌നമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പോലീസ് എസ്.ഐ.യുടെ ജീപ്പിന്റെ ചില്ല് കഞ്ചാവുകേസിലെ പ്രതി പൊട്ടിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയലില്‍ത്തോപ്പ് കോളനി സ്വദേശി രാജേന്ദ്രന്‍ (32), നൗഫല്‍, കിഷോര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 10-ഓടെയാണ് സംഭവങ്ങളുടെ തുടക്കം.

കോളനിയിലെ യുവാക്കളും ഇരവിപുരത്തെ ഇവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കോളനിയില്‍ പുതുവത്സരാഘോഷം നടത്തുകയായിരുന്നു. ആഘോഷത്തിനിടെ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് വാക്കേറ്റമുണ്ടായി. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഈസ്റ്റ് എസ്.ഐ. രതീഷും സംഘവും സ്ഥലത്തെത്തി. സംഘത്തിലുണ്ടായിരുന്ന നൗഫലിനെ പിടികൂടി ജീപ്പിലേക്ക് കയറ്റവേ കഞ്ചാവുകേസിലെ പ്രതിയായ രാജേന്ദ്രന്‍ കല്ലെടുത്ത് പോലീസ് ജീപ്പിന്റെ ചില്ല് ഇടിച്ചുതകര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

രാജേന്ദ്രനെ അപ്പോള്‍ത്തന്നെ പോലീസ് പിടികൂടി. ഇതിനിടെ നൗഫല്‍ രക്ഷപ്പെട്ടു. വന്‍ പോലീസ് സംഘം സ്ഥലത്തെത്തി കോളനിയില്‍ നടത്തിയ പരിശോധനയിലാണ് നൗഫലിനെയും കിഷോറിനെയും പിടികൂടിയത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു