കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. തിങ്കളാഴ്ച വൈകിട്ടോടെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. 

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രകടനത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകരും കെ.എസ്.യു. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സംഘം കാമ്പസിലെത്തി. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും സമീപത്തെ ലോ കോളേജിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Content Highlights: Eight Injured in SFI-KSU clash in Maharajas College, Ernakulam