വട്ടിയൂർക്കാവ്(തിരുവനന്തപുരം): പ്രൊബേഷൻ എസ്.ഐയെ സല്യൂട്ട് ചെയ്യാതിരുന്നതിനെത്തുടർന്ന് വട്ടിയൂർക്കാവ് ജങ്ഷനിൽ പോലീസുകാരുടെ വാക്കേറ്റം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ജങ്ഷനിൽ വാഹനപരിശോധന നടത്തുകയായിരുന്ന എസ്.എ.പി. ക്യാമ്പിലെ എസ്.ഐ. അനിൽകുമാറും വട്ടിയൂർക്കാവ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ. അഭിഷേകും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

പോലീസ് വാഹനത്തിൽ വരികയായിരുന്ന അഭിഷേകിനെ അനിൽകുമാർ സല്യൂട്ട് ചെയ്തില്ല. വാഹനം നിർത്തി പുറത്തിറങ്ങിയ അഭിഷേക് സല്യൂട്ട് ചെയ്യാത്തതിന്റെ കാരണം ചോദിച്ച് ദേഷ്യപ്പെട്ടു. ഇതോടെ ഇരുവരും തർക്കം തുടങ്ങി.

തുടർന്ന് വാഹനത്തിൽ കയറി മുന്നോട്ടുപോയ അഭിഷേക് തിരിച്ചെത്തി. വാഹനപരിശോധന നടത്തുകയായിരുന്നതിനാൽ അപ്പോഴും എസ്.ഐ. അനിൽകുമാർ സല്യൂട്ട് ചെയ്തില്ല. അനിൽകുമാറിനോടൊപ്പം വാഹനപരിശോധന നടത്തുകയായിരുന്ന രണ്ട് ഹോം ഗാർഡുകളും സല്യൂട്ട് നൽകുകയും ചെയ്തു. ഇതോടെ വീണ്ടും അഭിഷേക് അനിൽകുമാറുമായി വഴക്കും വാക്കേറ്റവുമായി.

പോലീസുകാരായതിനാൽ കടകളിൽ ഉള്ളവരോ അതുവഴി കടന്നുപോയവരോ പ്രശ്നത്തിൽ ഇടപെട്ടില്ല. ഒടുവിൽ പ്രൊബേഷൻ എസ്.ഐ. അഭിഷേക് തിരികെപ്പോയതോടെയാണ് പ്രശ്നം അവസാനിച്ചത്.