രാമങ്കരി(ആലപ്പുഴ): വഴിത്തർക്കത്തെ തുടർന്ന് രാമങ്കരിയിൽ സ്ഥലം ഉടമയുടെ 18 തെങ്ങുകൾ അർധരാത്രി വെട്ടിമാറ്റി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാമങ്കരി പോലീസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഗ്രേഡ് എസ്.ഐ.ക്ക് പരിക്കേറ്റു.

ശനിയാഴ്ച പുലർച്ചേ 2.15 ഓടെ ഒരുസംഘം ആളുകൾചേർന്നാണ് തെങ്ങുകൾ വെട്ടിമാറ്റിയത്. രാമങ്കരി പഞ്ചായത്ത് ഒന്നാംവാർഡ് മണലാടി പുന്നശ്ശേരി പത്തിൽച്ചിറയിൽ ജോസി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ചിറയിലെ തെങ്ങുകളാണ് വെട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും കുടുംബങ്ങളുമായി സംഘർഷമുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് രാമങ്കരി പോലീസ് ഗ്രേഡ് എസ്.ഐ. ജോസഫിന് പരിക്കേറ്റത്. പട്ടികവിഭാഗത്തിൽപ്പെട്ട ചില സ്ത്രീകൾക്കും പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു.

പാടശേഖരത്തിനുസമീപമുള്ള ചിറയിലൂടെയാണ് സമീപത്തെ ലക്ഷംവീട് മഠത്തിൽപ്പറമ്പ് കോളനിയിലെ 45 കുടുംബങ്ങൾ വർഷങ്ങളായി സഞ്ചരിക്കുന്നത്. വീതിയുള്ള വഴിക്കായി ചിറയോടുചേർന്നുള്ള കുറച്ച് തെങ്ങുകൾ വെട്ടിമാറ്റി നൽകണമെന്ന് ഇവർ ഉടമയോടാവശ്യപ്പെട്ടിരുന്നു. ഇതു നടപ്പായില്ല. വോട്ടെടുപ്പുദിനത്തിലും വഴിക്കായി കുടുംബങ്ങൾ വോട്ട് ബഹിഷ്കരിച്ച് റോഡിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചിരുന്നു.

പോലീസ് ഉപദ്രവിച്ചു, അസഭ്യം പറഞ്ഞു

പുലർച്ചേ വീടിന്റെ വാതിൽ തല്ലിത്തകർത്താണ് പോലീസ് അകത്തുകയറിയതെന്ന് കോളനിയിലെ 68 വയസ്സുള്ള തങ്കമ്മ സേവ്യർ പറഞ്ഞു. 'മകനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം എന്നെ തള്ളി താഴെയിട്ടു. അസഭ്യവർഷമാണ് പിന്നീടുനടന്നത്. ബലമായി ബൈക്കിന്റെ താക്കോലും ഫോണും പിടിച്ചെടുത്തു. കൂട്ടത്തിൽ വനിതാ പോലീസില്ലായിരുന്നു. വീട്ടിലിരുന്ന പണവും പോലീസെടുത്തു'

പോലീസ് എല്ലാ വീടുകളിലും കയറിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് കോളനിവാസികളുടെ പരാതി. വീടുകളിലെ ആണുങ്ങളെല്ലാം പേടിച്ച് ഒളിവിൽപ്പോയിരിക്കുകയാണ്. പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളെയും പോലീസ് വിരട്ടി. അവരുടെ ഫോണുകളും എടുത്തുകൊണ്ടുപോയി. പ്രദേശത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങൾ പട്ടികവിഭാഗത്തിൽപ്പെട്ടവരാണെന്ന് പ്രദേശവാസിയായ ജോർണിയ പറഞ്ഞു.

എന്നാൽ, സ്ത്രീകളെ മുന്നിൽനിർത്തി തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പ്രദേശവാസികൾക്കൊപ്പം പുറത്തുനിന്നുള്ളവരും കൂടിച്ചേർന്ന് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചതായാണ് പോലീസ് പറയുന്നത്.

രഹസ്യാന്വേഷണവിഭാഗത്തിന് വീഴ്ച

രാമങ്കരിയിലെ ആക്രമണത്തിൽ പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വീഴ്ചയുണ്ടായതായി സൂചന. പ്രദേശത്ത് ആക്രമണത്തിന് സാധ്യതയുള്ളതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാൽ, പുറത്തുനിന്നുള്ളവർ മാരകായുധങ്ങളുമായെത്തിയത് രഹസ്യാന്വേഷണവിഭാഗത്തിന്റെ നിഗമനങ്ങളെ തെറ്റിച്ചു.

30 പേർക്കെതിരേ കേസെടുത്തു

സംഭവത്തിൽ 30 പേർക്കെതിരേ അഞ്ച് വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്. സ്ത്രീകൾ മുളകുവെള്ളം കലക്കി പോലീസിന്റെ നേരെയൊഴിച്ചു. വീടുകൾ കയറിയിറങ്ങി പോലീസ് അതിക്രമം നടത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്

- ജി. സുരേഷ്കുമാർ,

ഇൻസ്പെക്ടർ, രാമങ്കരി.

ജീവന് ഭീഷണിയുണ്ട്

ഭർത്താവ് വിദേശത്താണ്. വീട്ടിൽ ഞാനും മക്കളും മാത്രമെയുള്ളൂ. ജീവന് ഭീഷണിയുണ്ട്. സ്ഥലത്ത് അതിക്രമിച്ചുകയറി തെങ്ങും മറ്റും നശിപ്പിച്ചതിനുശേഷം അക്രമികൾ ഭീഷണിപ്പെടുത്തി. സംഭവത്തിൽ നേരത്തെ നൽകിയ കേസിൽ കോടതിയിൽനിന്ന് ഞങ്ങൾക്കനുകൂലമായ വിധിയുള്ളതാണ്. പിന്നെയും അതിക്രമം നടത്തുകയായിരുന്നു

- ലൈജി ജോഷി,

സ്ഥലം ഉടമയുടെ ഭാര്യ.