മംഗളൂരു: നഗരപരിധിയിലെ കോളേജ് ഹോസ്റ്റലിനടുത്ത് മലയാളി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പരാതികളിലായി മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പതുപേരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം അന്വേഷിക്കാനെത്തിയ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയായിരുന്നു.

വ്യാഴാഴ്ച രാത്രി 10-ഓടെ ജെപ്പു ഗുജ്ജരക്കരെയുള്ള യേനപ്പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിനുമുന്നിലാണ് സംഘര്‍ഷമുണ്ടായത്. ഹോസ്റ്റലിനു പുറത്ത് താമസിക്കുന്ന മൂന്നാം വര്‍ഷ ബി.എസ്സി. ഹോസ്പിറ്റാലിറ്റി സയന്‍സ് വിദ്യാര്‍ഥി വനിതാ ഹോസ്റ്റലിലെ പെണ്‍സുഹൃത്തിനെ കാണാന്‍ രാത്രി ഏഴോടെ വന്നതാണ് സംഭവത്തിന്റെ തുടക്കമെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ കളിയാക്കി. അത് സംഘര്‍ഷത്തിലും ചേരിതിരിഞ്ഞുള്ള അക്രമത്തിലും കലാശിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളായ ആദര്‍ശ്, സിനാന്‍ എന്നിവര്‍ മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കാനും പരാതിയില്‍ പറഞ്ഞവരെ കസ്റ്റഡിയിലെടുക്കാനുമായി ഹോസ്റ്റലിലെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ സീതലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും ഇഷ്ടിക, കസേര എന്നിവയെടുത്ത് എറിയുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഹോസ്റ്റല്‍ ഒഴിപ്പിക്കണമെന്ന് പ്രദേശവാസികള്‍

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘര്‍ഷത്തില്‍ ഭയന്ന ഗുജ്ജരക്കെരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. ഹോസ്റ്റല്‍ ഒഴിപ്പിക്കാതെ ഇവിടെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.ഭാനുമതിയുടെ നേതൃത്വത്തില്‍ നൂറോളംപേര്‍ വെള്ളിയാഴ്ച രാവിലെ ഹോസ്റ്റല്‍ കവാടത്തിനരികെ സംഘടിച്ചത് ആശങ്കയ്ക്കിടയാക്കി.

വ്യാഴാഴ്ച രാത്രി നടന്ന സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാറിനോടാണ് പ്രദേശവാസികള്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പരാതിയുടെ കെട്ടഴിച്ചത്. ഈ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തങ്ങളുടെ സൈ്വരജീവിതം ഇല്ലാതായിരിക്കുകയാണെന്ന് അവര്‍ കമ്മിഷണറോട് പറഞ്ഞു.

അപകടകരമാംവിധം ബൈക്കോടിക്കല്‍, രാത്രിയിലെ അട്ടഹാസം, അര്‍ധനഗ്‌നരായി ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടല്‍, അടുത്ത വീടുകളിലേക്ക് പടക്കംകത്തിച്ചിടല്‍, പ്രദേശത്തെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറല്‍ എന്നിവയൊക്കെ ഹോസ്റ്റലിലെ ആണ്‍കുട്ടികളുടെ വിനോദമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.

കമ്മിഷണര്‍ പ്രദേശവാസികളുമായും യേനപ്പോയ ആര്‍ട്സ് സയന്‍സ് കൊമേഴ്സ്, മാനേജ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പര്‍വതവര്‍ധിനിയുമായും പ്രശ്‌നം ചര്‍ച്ചചെയ്തു. റോഡരികില്‍ രണ്ടുമണിക്കൂറോളം ചര്‍ച്ച നീണ്ടു. ഒടുവില്‍ ഹോസ്റ്റല്‍ ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കാമെന്ന ഉറപ്പില്‍ പ്രദേശവാസികള്‍ പിരിഞ്ഞുപോയി.

ഒരാഴ്ചയ്ക്കകം ഹോസ്റ്റല്‍ ഒഴിയണം -എം.എല്‍.എ.

ശനിയാഴ്ച മുതല്‍ ഹോസ്റ്റലിലെ ആണ്‍കുട്ടികളെ തീവണ്ടി ടിക്കറ്റെടുത്ത് വീട്ടിലേക്കയക്കണമെന്നും അവരവിടെ എത്തിയെന്ന് ഉറപ്പിക്കണമെന്നും ഒരാഴ്ചയ്ക്കകം ഹോസ്റ്റല്‍ ഒഴിപ്പിക്കണമെന്നും മംഗളൂരു സൗത്ത് എം.എല്‍.എ. ഡി.വേദവ്യാസ കാമത്ത് ആവശ്യപ്പെട്ടു. എന്റെ നാട്ടുകാരുടെ സുരക്ഷയാണ് എനിക്ക് വലുത്.

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ അവരുടെ സമാധാനജിവിതം തകര്‍ക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും ഹോസ്റ്റല്‍ പ്രദേശത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും എം.എല്‍.എ. കമ്മിഷണറോട് ആവശ്യപ്പെട്ടു.