മൂന്നാര്‍: സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ അയാളുടെ അമ്മയെ ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടല്‍ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആക്രമിച്ച വീട്ടുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മാങ്കുളം ആനക്കുളം പുനകുടി പുത്തന്‍വീട്ടില്‍ എസ്.വിനോദിനെയാണ് (35) മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാങ്കുളം ആനക്കുളത്തെ ഹോട്ടലില്‍ ജീവനക്കാരനായ കോട്ടയം ചിങ്ങവനം വാതുക്കാട്ടില്‍ ജോയി(65) ആണ് ഗുരുതരമായി മര്‍ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ബുധനാഴ്ചയാണ് സംഭവം. 

ഇരുവരും ചേര്‍ന്ന് വിനോദിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ജോയി വിനോദിന്റെ അമ്മയെ ചീത്ത വിളിച്ചു. ഇതില്‍ പ്രകോപിതനായ വിനോദ് ജോയിയെ മര്‍ദിച്ചു. ജോയിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറി. രക്തമൊലിച്ച് അബോധാവസ്ഥയില്‍ വിനോദിന്റെ വീട്ടില്‍ കിടന്ന ജോയിയെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ജോയിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Content Highlights: clash between friends during consuming liquor