ഹരിപ്പാട്: പതിനേഴുവയസ്സുള്ള മകളെ ബലാത്സംഗംചെയ്ത കേസില്‍ അറസ്റ്റിലായ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ ബാലവിവാഹത്തിനും കേസെടുത്തു. പീഡനത്തിനിരയായ കുട്ടിക്കു 15 വയസ്സുള്ളപ്പോള്‍ വിവാഹം നടത്തിയതാണ്. അച്ഛനൊപ്പം പെണ്‍കുട്ടിയുടെ ഭര്‍ത്താവും രക്ഷിതാക്കളും ഈ കേസില്‍ പ്രതികളാണ്. പെണ്‍കുട്ടിയും കുടുംബവും മഹാരാഷ്ട്ര സ്വദേശികളാണ്. വിവാഹം നടന്നത് അവിടെയായിരുന്നതിനാല്‍ കേസെടുത്തകാര്യം മഹാരാഷ്ട്രാ പോലീസിനെ അറിയിക്കും.

സി.ഐ.എസ്.എഫ്. ക്വാര്‍ട്ടേഴ്സിലാണ് ഉദ്യോഗസ്ഥനും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞദിവസം ഇയാള്‍ മകളെ ബലാത്സംഗംചെയ്തതായാണു പരാതി. വൈദ്യപരിശോധയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതിനാല്‍ ഉദ്യോഗസ്ഥനെ പോക്‌സോ പ്രകാരം അറസ്റ്റുചെയ്യുകയായിരുന്നു.

12 വയസ്സുമുതല്‍ അച്ഛന്‍ പീഡിപ്പിക്കാറുണ്ടെന്നും പേടി കാരണം ആരോടും പറഞ്ഞില്ലെന്നുമാണു കുട്ടിയുടെ മൊഴി. കഴിഞ്ഞദിവസം പീഡനം എതിര്‍ത്തപ്പോള്‍ ക്രൂരമായി ആക്രമിച്ചു. ഇതോടെയാണ് അമ്മയോടു വിവരം പറഞ്ഞതത്രെ.

15 വയസ്സുള്ളപ്പോള്‍ 30 വയസ്സുകാരനുമായി തന്റെ വിവാഹം നടത്തിയെന്നും ഇപ്പോള്‍ അകന്നുകഴിയുകയാണെന്നും പെണ്‍കുട്ടി അന്വേഷണോദ്യോഗസ്ഥരെ അറിയിച്ചു. പ്രതി അമിതമായി മദ്യപിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സംജിത്ത് ഖാന്‍, എസ്.ഐ. എസ്. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റുചെയ്തത്.