ഹരിപ്പാട്(ആലപ്പുഴ): പതിനേഴുവയസ്സുള്ള മകളെ പീഡിപ്പിച്ചതിന് സി.ഐ.എസ്.എഫിലെ അഗ്‌നിശമനസേനാവിഭാഗം ഉദ്യോഗസ്ഥനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അമ്മ സി.ഐ.എസ്.എഫ്. അധികൃതര്‍വഴി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 

വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയിലാണു പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാന്‍ഡുചെയ്തു. ഇവര്‍ മഹാരാഷ്ട്രസ്വദേശികളാണ്. 15 വയസ്സുള്ളപ്പോള്‍ ഈ കുട്ടിയെ ബന്ധുവായ യുവാവ് വിവാഹംകഴിച്ചതാണെന്നും പിന്നീട് പിണങ്ങിതാമസിക്കുകയായിരുന്നുവെന്നും പറയുന്നു. 12 വയസ്സുമുതല്‍ അച്ഛന്‍ പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടി പോലീസിനു മൊഴിനല്‍കിയിരിക്കുന്നത്.

നേരത്തേ ഇയാള്‍ പശ്ചിമബംഗാളിലാണു ജോലിചെയ്തിരുന്നത്. അവിടെ തുടങ്ങിയ പീഡനം നങ്ങ്യാര്‍കുളങ്ങരയിലെത്തിയിട്ടും തുടരുകയായിരുന്നെന്നാണു മൊഴി. കഴിഞ്ഞദിവസം അമ്മ കുളിക്കുന്ന സമയത്തായിരുന്നു മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ ഉപദ്രവിച്ചത്. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചു. ബഹളംകേട്ടു വന്ന അമ്മയോട് കുട്ടി വിവരങ്ങള്‍ തുറന്നുപറയുകയായിരുന്നു.