തൃശ്ശൂര്‍: ക്രിമിനല്‍, അബ്കാരി കേസുകളിലെ പ്രതിയും സിനിമാ സീരിയല്‍ താരമായ കൂട്ടാളിയും 1.5 കിലോ കഞ്ചാവുമായി പിടിയില്‍.

മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ ബിനീത്, വെള്ളിക്കുളങ്ങര മോനൊടി ചെഞ്ചേരിവളപ്പില്‍ അരുണ്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട, മാങ്കുറ്റിപ്പാടത്തുവച്ച് എക്സൈസ് ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

ജില്ലയിലെ ആള്‍സഞ്ചാരം കുറവുള്ള ഉള്‍പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്പന സജീവമാകുന്നതായി എക്സൈസ് ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

കോടാലിയില്‍ പെട്രോള്‍പമ്പില്‍ വെച്ച് ഒരാളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലും, അബ്കാരി കേസുകളിലും ബിനീത് പ്രതിയാണ്. ഷോര്‍ട്ഫിലിം, ടെലിഫിലിം മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് അരുണ്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇയാളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജുനൈദ്, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ്കുമാര്‍, ഓഫീസര്‍മാരായ കെ. മണികണ്ഠന്‍, കെ.എസ്. ഷിബു, ഒ.എസ്. സതീഷ്‌കുമാര്‍, ടി.ജി. മോഹനന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ജിന്റോ ജോണ്‍ , സന്തോഷ് ബാബു, റിജോ എന്നിവര്‍ ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Content Highlights: cinema serial actor and his aide arrested with ganja