അഹമ്മദാബാദ്: സിനിമയിലെ സഹസംവിധായകനും ബന്ധുവും കൂട്ടബലാത്സംഗം ചെയ്തെന്ന് മേക്കപ്പ് ആർട്ടിസ്റ്റായ പെൺകുട്ടിയുടെ പരാതി. ഗുജറാത്തി സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലിചെയ്യുന്ന 18 വയസ്സുകാരിയാണ് ബലാത്സംഗ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഗുജറാത്തി സിനിമാമേഖലയിൽ സഹസംവിധായകനായ ഹർദിക് സതാസിയ, ബന്ധു വിമൽ സത്യാസിയ എന്നിവർക്കെതിരേയാണ് പെൺകുട്ടിയുടെ ആരോപണം. ഒരു വർഷത്തോളം ഹർദിക് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നും ഇതിനിടെ ബന്ധുവായ വിമലിനൊപ്പം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്.

18 വയസാകുന്നതിന് മുമ്പേ സിനിമാ മേഖലയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ആരംഭിച്ചതാണ് പെൺകുട്ടി. ഒരു വർഷം മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഹർദികുമായി പരിചയത്തിലായത്. തുടർന്ന് ഹർദിക് വിവാഹവാഗ്ദാനം നൽകി വിവിധ ലൊക്കേഷനുകളിൽവെച്ച് ബലാത്സംഗം ചെയ്തു. പിന്നീട് അമ്റേലിയിലെ ഹർദിക്കിന്റെ ഗ്രാമത്തിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ് ബന്ധുവായ വിമലും ഹർദിക്കും കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നും പരാതിയിൽ പറയുന്നു.

ആദ്യ ബലാത്സംഗം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമപ്രകാരമടക്കമാണ് പോലീസ് ഇരുവർക്കുമെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

Content Highlights:cinema make up artist gang raped by associate director and his cousin