മംഗളൂരു: നൃത്തസംവിധായകനും സുഹൃത്തും ലഹരിമരുന്നുമായി പിടിയിൽ. റിയാലിറ്റി ഷോ താരവും നൃത്ത സംവിധായകനുമായ കിഷോർ അമൻ ഷെട്ടി(30), സുഹൃത്ത് അഖീൽ നൗഷീൽ(28) എന്നിവരെയാണ് മംഗളൂരു സിറ്റി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ. ലഹരിമരുന്നുകളും പിടിച്ചെടുത്തു.
പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന പ്രതികൾ നഗരത്തിൽ ലഹരിമരുന്ന് വിൽപ്പനയും നടത്തിയിരുന്നു. മുംബൈയിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് സംഘവുമായി പ്രതികൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ടെന്നും മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ വികാഷ് കുമാർ വികാഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദിയിലെയും കന്നഡയിലെയും റിയാലിറ്റി ഷോകളിലൂടെയാണ് കിഷോർ നൃത്തരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. എബിസിഡി എന്ന ഹിന്ദി ചിത്രത്തിലും ഇയാൾ പ്രവർത്തിച്ചിരുന്നു. ദുബായിൽ സെയിൽസ് ഓഫീസറായി ജോലിചെയ്തിരുന്ന അഖീൽ നൗഷീൽ ഒരു വർഷം മുമ്പാണ് തിരികെ എത്തിയത്. ഇരുവരും ചേർന്ന് ലഹരിമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights:choreographer and his friend arrested with mdma drugs in mangaluru