ചിറ്റാരിക്കാല്‍: കടുമേനി സര്‍ക്കാരിയാ കോളനിയിലെ പാപ്പിനിവീട്ടില്‍ രാമകൃഷ്ണന്റെ (40) മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭാര്യയും മക്കളുമുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. രാമകൃഷ്ണന്റെ ഭാര്യ പി.കെ. തമ്പായി (40), മൂത്തമകള്‍ രാധിക (19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ കാമുകന്മാരായ പി.എം. മഹേഷ് (19), പി.എസ്. സനില്‍ (19), ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ഒരു സുഹൃത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതത്.

ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനുസമീപത്തുള്ള കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാരിക്കാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

രാമകൃഷ്ണന്റെ രണ്ട് പെണ്‍മക്കള്‍ മഹേഷ്, സനില്‍ എന്നിവരുമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും മൂന്ന് യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീട്ടിനുള്ളില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നും മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോര്‍ത്തുമുണ്ട് കഴുത്തില്‍ കെട്ടി കാട്ടിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. രാമകൃഷ്ണന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍ ഗര്‍ഭിണിയാണെന്നും പോലീസ് സ്ഥിരീകരിച്ചു. പി.എസ്. സനിലിന്റെ പേരില്‍ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: chittarikkal murder case six arrested