നീലേശ്വരം: കുമ്പളപ്പള്ളി മീര്‍ക്കാനംതട്ട് കരിമ്പില്‍ പ്ലാന്റേഷന്‍സിലെ തോട്ടം മേസ്ത്രി പള്ളപ്പാറയിലെ പയങ്ങപ്പാടന്‍ ചിണ്ടന്‍ (75) കൊല്ലപ്പെട്ട കേസില്‍ തോട്ടംതൊഴിലാളിയായിരുന്ന പ്രതിയെ തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. തമിഴ്നാട് നീലഗിരി ജില്ലയില്‍ പന്തല്ലൂര്‍ താലൂക്കിലെ എ.ആര്‍.രമേഷ് എന്ന പാര്‍ഥിപനെ(19)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ വെള്ളരിക്കുണ്ട് സി.ഐ. എം.സുനില്‍ കുമാര്‍ ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെ വിട്ടുകിട്ടിയ പ്രതിയുമായി അന്വേഷണസംഘം കുമ്പളപ്പള്ളിയില്‍ ഇയാള്‍ താമസിച്ചിരുന്ന വാടക മുറിയിലെത്തി. ഇവിടെ ഒളിച്ചുവച്ചിരുന്ന അയ്യായിരം രൂപ കണ്ടെടുത്തു. തൊഴില്‍ നിഷേധിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴിയെങ്കിലും തൊഴിലാളികള്‍ക്ക് ആഴ്ചക്കൂലി നല്‍കി ചിണ്ടന്റെ കൈവശം ബാക്കിയുണ്ടാകേണ്ട പണം അവശനിലയില്‍ കണ്ടപ്പോള്‍ കയ്യിലുണ്ടായിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി കവര്‍ച്ചയും ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നു. ചിണ്ടനെ അടിച്ചുവീഴ്ത്തി അവശനിലയിലാക്കിയ ശേഷം മുറിയിലെത്തി വസ്ത്രംമാറി പാര്‍ഥിപന്‍ പോയ സമീപത്തെ കടയിലും ഭീമനടി, കാലിക്കടവ്, കാലിച്ചാമരം എന്നിവിടങ്ങളിലെ കടകളിലും പോലീസ് പ്രതിയുമായി തെളിവെടുപ്പിനെത്തി. കട നടത്തിപ്പുകാര്‍ ഇയാളെ തിരിച്ചറിഞ്ഞു. സി.ഐ. എം.സുനില്‍ കുമാറിനു പുറമെ എ.എസ്.ഐ. സി.വി. പ്രേമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.സുരേശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റിജേഷ്, ഷാജു, രഘു, ഇസ്മായില്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ഫെബ്രുവരി 24-ന് രാത്രി ഏഴോടെ അവശനിലയില്‍ കണ്ടെത്തിയ ചിണ്ടന്‍ അന്ന് രാത്രി 12.30-ഓടെ മംഗളൂരു ആസ്പത്രിയിലാണ് മരിച്ചത്.
Content highlights: Crime news, Police, Custody, Convict,