മുംബൈ: കുഞ്ഞുങ്ങളെ വന്‍തുകയ്ക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്ന സംഘം മുംബൈ പോലീസിന്റെ പിടിയിലായി. പെണ്‍കുഞ്ഞിന് 60,000 രൂപവരെയും ആണ്‍കുഞ്ഞിന് ഒന്നരലക്ഷം രൂപവരെയുമാണ് സംഘം ഈടാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു.

സംഘത്തിലെ എട്ടുപേരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇവര്‍ നാല് കുട്ടികളെ വിറ്റെന്നും കൂടുതല്‍ കുട്ടികളെ വിറ്റിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായ എട്ടില്‍ ആറുപേര്‍ വനിതകളാണ്. കുട്ടികളെ ദത്തെടുക്കുന്നു എന്ന രീതിയിലാണ് ഇവര്‍ വില്‍പ്പന നടത്തി വന്നിരുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന അമ്മമാരാണ് ഇവരുടെ ഇരകള്‍.

തങ്ങള്‍ ദത്തെടുത്ത് വളര്‍ത്തിക്കൊള്ളാം എന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ കുട്ടികളെ കൈക്കലാക്കുന്നത്. പിന്നീട് ആവശ്യക്കാര്‍ക്ക് വന്‍തുകയ്ക്ക് വില്‍ക്കുന്നു. ഒരു യുവതി കുഞ്ഞുങ്ങളെ വില്‍ക്കുന്നതായി സബ് ഇന്‍സ്പെക്ടര്‍ യോഗേഷ് ചവാന് വിവരം ലഭിച്ചതാണ് അന്വേഷണത്തിന് തുടക്കമിട്ടത്.

രുഖ്ഷാര്‍ ശൈഖ് എന്ന വനിത പിടിയിലായതോടെയാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും വെളിവായത്. ഇവര്‍ രൂപാലി വര്‍മ എന്ന വനിത വഴിയാണ് ഒരു കുഞ്ഞിനെ വിറ്റത്. ഷാജഹാന്‍ ജോഗില്‍കര്‍ എന്ന മറ്റൊരു വനിതയും രൂപാലിവഴി ഒരു കുട്ടിയെ വില്‍ക്കുകയുണ്ടായി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് ഹീനാ ഖാന്‍, നിഷ ആഹിര്‍ എന്നീ വനിതകളും പിടിയിലാവുന്നത്. ഇരുവരും സബ് ഏജന്റുകളാണ്. ഇവരെ കൂടാതെ ആരത് സിങ്, ഗീതാഞ്ജലി ഗെയ്ക്വാദ്, സഞ്ജയ് പദം എന്നിവരാണ് അറസ്റ്റിലായത്.

Content Highlights: child selling racket arrested in mumbai