ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ ശൈശവ വിവാഹം. ഇനായത്ത്പുര്‍ ഗ്രാമത്തിലാണ് 12 വയസ്സുകാരിയും 10 വയസ്സുകാരനും തമ്മിലുള്ള വിവാഹം നടന്നത്. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ഇടപെട്ട് ചടങ്ങുകള്‍ നിര്‍ത്തിവെപ്പിച്ചു. 

കഴിഞ്ഞയാഴ്ചയായിരുന്നു ശൈശവ വിവാഹം. എന്നാല്‍ പോലീസ് ഇടപെട്ടതോടെ ശൈശവ വിവാഹത്തില്‍ വിശദീകരണവുമായി ബന്ധുക്കളും രംഗത്തെത്തി. അസുഖബാധിതയായ പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ അവസാന ആഗ്രഹമെന്ന നിലയിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നായിരുന്നു ബന്ധുക്കളുടെ വിശദീകരണം. ചടങ്ങുകളുടെ ഒരുഘട്ടം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും ബാക്കി ചടങ്ങുകള്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമേ നടത്തൂവെന്നും ബന്ധുക്കള്‍ പറഞ്ഞു. 

അതേസമയം, ശൈശവ വിവാഹത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം തുടരുകയാണെന്നും ഫരീദ്പുര്‍ എ.എസ്.പി. അഭിമന്യൂ മാംഗ്ലിക് പറഞ്ഞു. 

ശൈശവ വിവാഹം വാര്‍ത്തയായതോടെ ചൈല്‍ഡ് ലൈനും സംഭവത്തില്‍ ഇടപെട്ടു. കുട്ടികളുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കൗണ്‍സിലിങ് നല്‍കുമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കളോട് തിങ്കളാഴ്ച ഹാജരാകാന്‍ ശിശു സംരക്ഷണ സമിതിയും നിര്‍ദേശം നല്‍കി. 

Content Highlights: child marriage in uttar pradesh, police booked case