നോയിഡ: രണ്ട് വയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധുക്കളായ സ്ത്രീകൾ അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരിമാരായ പിങ്കി, റിങ്കി എന്നിവരെയാണ് നോയിഡ സുരാജ്പുർ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 29-ാം തീയതിയാണ് പ്രതികളുടെ വീട്ടിൽ രണ്ട് വയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വീട്ടിലെ അലമാരക്കുള്ളിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. സഹോദരന്റെ ഭാര്യയോടുള്ള അസൂയയും പകയും കാരണമാണ് പ്രതികൾ അവരുടെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

കുഞ്ഞിനെ കാണാനില്ലെന്ന് സെപ്റ്റംബർ 29-ന് പിതാവ് സുരാജ്പുർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അന്നേദിവസം രാത്രി വീട്ടിലെ അലമാരക്കുള്ളിൽ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് സഹോദരിമാരെയും പോലീസ് വിശദമായി ചോദ്യംചെയ്തത്. തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു. സഹോദരന്റെ ഭാര്യയ്ക്ക് തങ്ങളോടുള്ള സമീപനത്തിൽ ഇരുവരും അസ്വസ്ഥരായിരുന്നു. പലവിഷയങ്ങളിലും സഹോദരൻ ഭാര്യയുടെ പക്ഷം പിടിക്കുന്നതും തങ്ങളെ ശകാരിക്കുന്നതും ഇവരെ പ്രകോപിപ്പിച്ചു. സഹോദരന്റെ ഭാര്യയോട് അസൂയയും പകയും വർധിച്ചു. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാൻ തീരുമാനിച്ചതെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അലമാരക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും ഇവർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ രണ്ട് പേർക്കുമെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായി സുരാജ്പുർ പോലീസ് അറിയിച്ചു.

Content Highlights:child killed by his aunts in noida