പൊള്ളാച്ചി: ആനമലയില്‍ അമ്മയ്ക്ക് ചില്ലിചിക്കന്‍ വാങ്ങിക്കാന്‍ പണം കൊടുത്ത് നാലുമാസമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മൈസൂരു സ്വദേശി മണികണ്ഠന്‍-സംഗീത ദമ്പതിമാരുടെ നാലുമാസമായ പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.

നഗരങ്ങള്‍ തോറും നടന്ന് പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന നാടോടികളാണ് മണികണ്ഠനും സംഗീതയും. കുറച്ചുദിവസമായി ആനമലയിലെ പ്രവര്‍ത്തിക്കാത്ത പഴയ ബസ് സ്റ്റാന്‍ഡിലാണ് രണ്ടുപേരും താമസം. സംഭവദിവസം വൈകുന്നേരം കുഞ്ഞിനെയും കൂട്ടി സംഗീത തട്ടുകടയില്‍ പോയിരുന്നു. ഈ സമയം സ്ഥലത്ത് നിന്നിരുന്ന യുവാവ് സംഗീതയോട് ചില്ലിചിക്കന്‍ വേണോയെന്ന് ചോദിച്ച് പണം നല്‍കി കുഞ്ഞിനെ താലോലിക്കാനെന്ന മട്ടില്‍ വാങ്ങി.

അമ്മ ചില്ലിചിക്കന്‍ വാങ്ങാന്‍ ചെന്ന സമയം യുവാവ് കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. തിരിച്ചുവന്ന അമ്മ കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, ആനമല പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.