കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തിനിടെ വിദേശ പൗരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

pinarayiവെണ്ടുട്ടായി സ്വദേശി വിനോദ് കൃഷ്ണന്‍(32), ഇംഗ്ലണ്ടുകാരന്‍ ഫെഡറിക് ഓട്ടോ (23) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീട്ടിലാണ് അതിക്രമിച്ചു കടക്കാന്‍ ശ്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത പ്രദേശമായ പുത്തംകണ്ടത്താണ് വിനോദ് കൃഷ്ണന്റെ വീട്.

ഇംഗ്ലണ്ടുകാരനായ ഫെഡറിക്കും വിനോദും കൂട്ടുകാരാണ്. അണ്ടലൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനായാണ് ഫെഡറിക്ക് വിനോദിന്റെ വെണ്ടുട്ടായി പുത്തം കണ്ടത്തെ വീട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനോദിന്റെ വീട്ടിലായിരുന്നു താമസം.

നിര്‍മാണത്തൊഴിലാളിയായ വിനോദ് കാസര്‍കോട്ട് ജോലിചെയ്തിരുന്ന കാലത്താണ് ഇംഗ്ലണ്ടുകാരനായ ഫെഡറിക്കുമായി സൗഹൃദത്തിലായത്. തിങ്കളാഴ്ച ഇരുവരും വീട്ടിലേക്ക് മടങ്ങുംവഴി ഫെഡറിക്കിന് മുഖ്യമന്ത്രിയുടെ വീട് കാണിച്ചു കൊടുക്കാനുള്ള ശ്രമമാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റില്‍ തടഞ്ഞു. എങ്കിലും ഇവര്‍ പിന്മാറാന്‍ തയ്യാറായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ധര്‍മടം എസ്.ഐ. പി.നളിനാക്ഷന്റെ നേതൃത്വത്തില്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് കതിരൂര്‍ പോലീസിന് കൈമാറി. കതിരൂര്‍ എസ്.ഐ. എസ്. സുഖേഷിന്റെ നേതൃത്വത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.