ചെറുപുഴ(കണ്ണൂർ): പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ജിതിൻ (29) മുമ്പും പീഡനക്കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

2015-ൽ കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഇയാൾ രണ്ടുമാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അന്ന് ഇരയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ ഇയാൾക്ക് കാര്യമായ ശിക്ഷ ലഭിച്ചില്ല. ചെറുപുഴയിലെ പെൺകുട്ടിയെ ബസ് ജീവനക്കാരുൾപ്പെട്ട നവമാധ്യമ ഗ്രൂപ്പ് മുഖേനയാണ് ഇയാൾ പരിചയപ്പെട്ടത്. ഒരുവർഷമായി പെൺകുട്ടിയുമായി യുവാവിന് ബന്ധമുണ്ടായിരുന്നു.

ബന്ധുവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ അവിടെയെത്തിയാണ് പീഡിപ്പിച്ചത്. വീട്ടിലെത്തിയതിന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഉൾപ്പെടുന്ന തെളിവുകളുമുണ്ട്. ജൂൺ ഒൻപതിനാണ് പെൺകുട്ടി ആത്മഹത്യചെയ്തത്.

പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി യുവാവ് പറഞ്ഞതാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്ന കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്.

ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ഉണ്ണികൃഷ്ണൻ, അഡീഷണൽ എസ്.ഐ.മാരായ മുഹമ്മദലി, ഹബീബ് റഹ്മാൻ സീനിയർ സിവിൽ പോലീസ് ഓഫീസർ നബീസ തുടങ്ങിയവർ കേസന്വേഷണത്തിന് നേതൃത്വം നൽകി.