ചേര്‍ത്തല: നഴ്സായ യുവതിയെ സഹോദരിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ വീട്ടുകാരെ സംശയത്തിലേക്കു നയിച്ചതു രതീഷിന്റെ ഫോണ്‍ സന്ദേശം. ജോലികഴിഞ്ഞിറങ്ങാന്‍ വൈകുമെന്നു വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഹരികൃഷ്ണ വീട്ടില്‍ അമ്മയെ വിളിച്ചറിയിച്ചിരുന്നു. എട്ടര പിന്നിട്ടിട്ടും കാണാതായതോടെയാണു വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. 

സഹോദരീഭര്‍ത്താവ് രതീഷിനെ വിളിച്ചെങ്കിലും അവള്‍ ഇന്നുവരില്ലെന്നും ശനിയാഴ്ചയും കോവിഡ് ഡ്യൂട്ടിയുള്ളതിനാല്‍ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുമെന്നും പറഞ്ഞെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇയാളെയും ഫോണില്‍ കിട്ടാതായതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. 10 മണിക്കു വീട്ടുകാര്‍ സഹപ്രവര്‍ത്തകരെ വിളിച്ചപ്പോഴാണു 6.45-നു ഹരികൃഷ്ണ ജോലികഴിഞ്ഞിറങ്ങിയെന്നറിയുന്നത്. വീട്ടില്‍നിന്ന് സൈക്കിളില്‍ തങ്കിക്കവലയിലെത്തി അവിടെനിന്ന് ബസിലാണു ജോലിക്കുപോകാറുള്ളത്. ജോലികഴിഞ്ഞെത്താന്‍ വൈകിയാല്‍ ഹരികൃഷ്ണയെ രതീഷാണു പലപ്പോഴും വീട്ടിലെത്തിച്ചിരുന്നത്.

ഹരികൃഷ്ണയുടെ ഫോണില്‍നിന്നുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ താത്കാലിക നഴ്സായിരുന്ന ഹരികൃഷ്ണ ഒരാഴ്ചമുന്‍പാണു വണ്ടാനത്ത് കോവിഡ് ഡ്യൂട്ടിയിലേക്കുമാറിയത്. കാണാതായതിനെത്തുടര്‍ന്നു രതീഷിന്റെ വീട്ടില്‍ ആദ്യം അന്വേഷിച്ചെങ്കിലും ആരും അകത്തുള്ളതായി സൂചനകളില്ലായിരുന്നു. ഫോണും ഓഫായിരുന്നു. തുടര്‍ന്നാണു വീട്ടുകാര്‍ പോലീസില്‍ അറിയിച്ചത്. ഏഴുവയസ്സും ഏഴുമാസവും പ്രായമുള്ള രണ്ടുകുട്ടികളുടെ അച്ഛനാണു രതീഷ്. ശനിയാഴ്ച വൈകുന്നേരത്തോടെ രതീഷിനെ പോലീസ് പിടികൂടുകയായിരുന്നു.

രതീഷ് മുങ്ങിയത് ശനിയാഴ്ച രാവിലെ

യുവതിയുടെ മരണത്തെത്തുടര്‍ന്നു രതീഷ് കടക്കരപ്പള്ളിയില്‍നിന്നു മുങ്ങിയതു ശനിയാഴ്ച പുലര്‍ച്ചേയെന്നു പോലീസ്. പെയിന്ററായ രതീഷിനെ വൈകുന്നേരത്തോടെ ചേര്‍ത്തല ചെങ്ങണ്ടയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഗള്‍ഫില്‍ ജോലിഉണ്ടായിരുന്ന രതീഷ് രണ്ടുവര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്.

ഹരികൃഷ്ണ വീടിന്റെ അത്താണി

രണ്ടുപെണ്‍മക്കളില്‍ തളിശ്ശേരിത്തറ വീട്ടില്‍ അച്ഛനമ്മമാരുടെ അത്താണിയായിരുന്നു ഹരികൃഷ്ണ. നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ല അഭിപ്രായമായിരുന്നു.

ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചത് നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും ദുഃഖത്തിലാക്കി. മണിക്കൂറുകള്‍ക്കു മുന്‍പുവരെ തങ്ങളോടൊപ്പം ജോലിചെയ്തിരുന്ന കൂട്ടുകാരിയുടെ ചേതനയറ്റശരീരംകണ്ടു പലരും വിങ്ങിപ്പൊട്ടി.

ദുരൂഹതകള്‍ ബാക്കി

*വൈകുമെന്നു ഹരികൃഷ്ണ വീട്ടിലറിയിച്ചത് എന്തുകൊണ്ട്.

*മൃതദേഹത്തില്‍ ചെരിപ്പുണ്ടായിരുന്നതും ശരീരത്തിലും വസ്ത്രത്തിലും മണല്‍ പുരണ്ടതിലും ദുരൂഹത

*രതീഷിന്റെ വീടിനോടുചേര്‍ന്നുതന്നെ വീടുകളുണ്ടെങ്കിലും ആരും ഒച്ചയോ ബഹളമോ കേട്ടിരുന്നില്ല.