ചെന്നൈ: ലോക്ഡൗൺ ലംഘിച്ച മകൾക്കെതിരേ കേസെടുത്തതിന് പോലീസിന് നേരേ അഭിഭാഷകയുടെ അസഭ്യവർഷവും ഭീഷണിയും. ചെന്നൈ ചെട്‌പെട്ട്‌ ട്രാഫിക് പോലീസിലെ പോലീസുകാർക്ക് നേരേയാണ് അഭിഭാഷകയായ തനൂജ കാന്തുല്ല ഭീഷണി മുഴക്കിയത്. സംഭവത്തിൽ പോലീസ് ഹെഡ് കോൺസ്റ്റബിളായ രജിത്‌കുമാറിന്റെ പരാതിയിൽ തനൂജയ്ക്കെതിരേയും പോലീസ് കേസെടുത്തു.

ഞായറാഴ്ച രാവിലെയാണ് ചെന്നൈയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തനൂജയുടെ മകളായ പ്രീതി രഞ്ജനെ ഇ-പാസില്ലാതെ യാത്ര ചെയ്തതിന് പോലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ കാറിൽ വന്ന പ്രീതിയെ പോലീസ് സംഘം തടഞ്ഞു. ചോദിച്ചപ്പോൾ മീൻ വാങ്ങാനായി കടപ്പുറത്തേക്ക് പോവുകയാണെന്നായിരുന്നു മറുപടി. എന്നാൽ ഇവരുടെ കൈവശം ഇതിനുള്ള പാസ് ഇല്ലായിരുന്നു. തുടർന്ന് പോലീസ് ഇവർക്കെതിരേ കേസെടുക്കുകയും ചലാൻ നൽകുകയും ലൈസൻസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് പ്രീതി അമ്മയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.

ഏതാനും നിമിഷങ്ങൾക്കകം തനൂജ ആഡംബര കാറിൽ സ്ഥലത്തെത്തി. അഭിഭാഷകയാണെന്ന് പരിചയപ്പെടുത്തിയ ഇവർ മകൾക്കെതിരേ കേസെടുത്തതിന് പോലീസിന് നേരേ തട്ടിക്കയറി. പോലീസുകാരെ അസഭ്യം പറയുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസ്ക് പോലും ധരിക്കാതെയാണ് ഇവർ വന്നിരുന്നത്. ഇവരോട് മാസ്ക് ധരിക്കാൻ പോലീസുകാർ ആവശ്യപ്പെട്ടെങ്കിലും ഇവർ ചെവികൊണ്ടില്ല. ഇതിനിടെ, നടന്ന സംഭവങ്ങളെല്ലാം ചിലർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹെഡ് കോൺസ്റ്റബിളായ രജിത്‌കുമാർ അഭിഭാഷകയ്ക്കെതിരേ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പകർച്ചവ്യാധി നിയമപ്രകാരവും അഭിഭാഷകയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Content Highlights:chennai woman lawyer abuses traffic police video goes viral