ചെന്നൈ: തിരുവാണ്‍മിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന കേസില്‍ ട്വിസ്റ്റ്. സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ജീവനക്കാരനായ പരാതിക്കാരന്‍ തന്നെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പരാതി വ്യാജമായിരുന്നെന്നും ജീവനക്കാരനും ഭാര്യയും ചേര്‍ന്നാണ് സംഭവം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. കേസില്‍ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാര്‍ക്കായ രാജസ്ഥാന്‍ സ്വദേശി ടിക്കാറാം(28) ഭാര്യ സരസ്വതി(27) എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. 

നഗരത്തിലെ പ്രധാന സബര്‍ബന്‍ സ്റ്റേഷനായ തിരുവാണ്‍മിയൂരില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടന്നെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നവിവരം. രാവിലെ ആദ്യത്തെ തീവണ്ടിയില്‍ യാത്രചെയ്യാനായി വന്നവര്‍ സ്റ്റേഷനില്‍ ജീവനക്കാരനെ കാണാതായതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന്റെ മുറി പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തുകടന്നതോടെയാണ് വായില്‍ തുണിതിരുകി കെട്ടിയിട്ടനിലയില്‍ ടിക്കാറാമിനെ കണ്ടെത്തിയത്. പുലര്‍ച്ചെയെത്തിയ മൂന്നുപേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും തന്നെ കെട്ടിയിട്ട് കൗണ്ടറിലുണ്ടായിരുന്ന 1.30 ലക്ഷം രൂപ കവര്‍ന്നെന്നുമായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്നാണ് റെയില്‍വേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. 

സ്‌റ്റേഷനില്‍ സിസിടിവി ക്യാമറകളില്ലാത്തത് അന്വേഷണത്തിന്റെ തുടക്കത്തില്‍ തിരിച്ചടിയായി. തുടര്‍ന്ന് സമീപപ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. ഇതിലൊരു സിസിടിവിയില്‍ ഒരു യുവതി സ്‌റ്റേഷന്‍ ഭാഗത്തേക്കുള്ള റോഡിലൂടെ നടന്നുപോകുന്നതും പിന്നീട് ഒരുബാഗുമായി തിരികെവരുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. യുവതി ഒരു ഓട്ടോയില്‍ കയറിയാണ് സ്ഥലത്തുനിന്ന് പോയതെന്നും വ്യക്തമായി. തുടര്‍ന്ന് സ്ത്രീ യാത്രചെയ്ത ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. സ്ത്രീയെ തിരിച്ചറിഞ്ഞ ഓട്ടോ ഡ്രൈവര്‍ ഊരപാക്കത്താണ് യുവതിയെ ഇറക്കിവിട്ടതെന്ന് മൊഴി നല്‍കി. സ്റ്റേഷനിലെ ജീവനക്കാരനായ ടിക്കാറാമിന്റെ വീടും ഇതേസ്ഥലത്തായിരുന്നു. തുടര്‍ന്ന് ടിക്കാറാമിനെയും ഭാര്യയെയും വിശദമായി ചോദ്യംചെയ്തതോടെയാണ് കവര്‍ച്ച നടത്തിയത് തങ്ങളാണെന്ന് ഇരുവരും സമ്മതിച്ചത്. മോഷ്ടിച്ച പണം ടിക്കാറാമിന്റെ വീടിന് പിന്‍വശത്തുള്ള കിണറ്റില്‍നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

നേരത്തെ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് തിങ്കളാഴ്ച പുലര്‍ച്ചെയോടെ സരസ്വതി വീട്ടില്‍നിന്ന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഊരപാക്കത്തുനിന്ന് ഓട്ടോയില്‍ വന്ന യുവതി ടൈഡല്‍ പാര്‍ക്കിന് സമീപമാണ് ഇറങ്ങിയത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നെത്തി ഭര്‍ത്താവിനെ കണ്ടു. കൗണ്ടറിലുണ്ടായിരുന്ന 1.30 ലക്ഷം രൂപ ബാഗിലാക്കി. ശേഷം ഭര്‍ത്താവിനെ കെട്ടിയിടുകയും സ്റ്റേഷനില്‍നിന്ന് സ്ഥലംവിടുകയുമായിരുന്നു. 

പതിവായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്ന ടിക്കാറാമിന് 2.5 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായാണ് ഇത്രയും തുക നല്‍കാനുണ്ടായിരുന്നത്. ഈ കടം വീട്ടാനാണ് ദമ്പതിമാര്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ ടിക്കാറാം കഴിഞ്ഞ അഞ്ചുവര്‍ഷമായി റെയില്‍വേയില്‍ ജോലിചെയ്തുവരികയാണ്. 

Content Highlights: chennai thiruvanmiyur railway station robbery railway employee and his wife arrested