ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കമുണ്ടാക്കിയ ഐ.ടി. ജീവനക്കാരി സ്വാതിയുടെ കൊലക്കേസുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണം.

പ്രതിയായ രാംകുമാർ ആത്മഹത്യചെയ്ത സംഭവത്തിൽ വീണ്ടും അന്വേഷണവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ രംഗത്തെത്തി. 2016 സെപ്റ്റംബർ 18-നാണ് രാംകുമാറിനെ പുഴൽ ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

ഇതേത്തുടർന്നാണ് സംഭവംനടന്ന് നാലുവർഷത്തിനുശേഷം മനുഷ്യാവകാശകമ്മിഷൻ വീണ്ടും ഇടപെടുന്നത്.

അന്ന് പുഴൽ ജയിലിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരോട് 30-ന് രാവിലെ 10.30-ന് ഹാജരാകാൻ കമ്മിഷൻ നിർദേശം നൽകി.

ജയിൽ സൂപ്രണ്ട് സെന്താമരൈകണ്ണൻ, ഡെപ്യൂട്ടി ജയിലർ ഉദയകുമാർ, അസിസ്റ്റന്റ് ജയിലർ പിച്ചാണ്ടി, ചീഫ് വാർഡൻ ശങ്കർരാജ്, വാർഡൻമാരായ രാംരാജ്, പിച്ചൈമുത്തു എന്നിവരാണ് ഹാജരാകേണ്ടത്.

ഇൻഫോസിസ് ജീവനക്കാരിയായ സ്വാതി (24) യെ 2016 ജൂൺ 24-നാണ് നുംഗംപാക്കം റെയിൽവേ സ്റ്റേഷനിൽ അരിവാൾകൊണ്ട് വെട്ടിക്കൊന്നത്. അന്വേഷണത്തിൽ സ്വാതിയുടെ വീട്ടിനുസമീപത്തെ മാൻഷനിൽ താമസിച്ച രാംകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്.

2016 ജൂലായ് ഒന്നിനാണ് തിരുനെൽവേലി മീനാക്ഷിപുരത്തെ വീട്ടിൽ രാംകുമാർ അറസ്റ്റിലാവുന്നത്.

മകൻ നിരപരാധിയാണെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും രാംകുമാറിന്റെ അമ്മ പറഞ്ഞിരുന്നു. 2016 സെപ്റ്റംബർ 18-ന് വൈദ്യുതി കമ്പികടിച്ച് സ്വയം ഷോക്കേൽപ്പിച്ച് രാംകുമാർ മരിക്കുകയായിരുന്നു.

ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിൻ, വി.സി.കെ. നേതാവ് തിരുമാവളവൻ ഉൾപ്പെടെ ഒട്ടേറെ നേതാക്കൾ രാംകുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

Content Highlights:chennai swathi murder case inquiry about accused suicide