ചെന്നൈ:  നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ കേസിന്റെ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ലൈംഗികപീഡനം. ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരനാണ് പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ മുഖ്യപ്രതിയും പലചരക്ക് വ്യാപാരിയുമായ പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിന് 28ഉം 30ഉം വയസ്സുള്ള സഹോദരിമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ മക്കളെയും പെരുമാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 

പലചരക്ക് കച്ചവടം നടത്തുന്ന പെരുമാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയാളുടെ കടയില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ഒരുചാക്ക് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളുടെ മൊബൈല്‍ഫോണും പിടിച്ചെടുത്തു. ഈ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡനദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയത്. 

പുകയില ഉത്പന്നങ്ങളുടെ ഡീലര്‍മാരെ കണ്ടെത്താനായിരുന്നു പെരുമാളിന്റെ ഫോണ്‍ പരിശോധിച്ചത്. എന്നാല്‍ ഫോണിലെ ഗാലറിയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും പീഡിപ്പിക്കുന്ന വീഡിയോകളുമാണ് കണ്ടെത്തിയത്. ഏകദേശം അമ്പതോളം വീഡിയോകള്‍ ഫോണിലുണ്ടായിരുന്നു.

ഏതെങ്കിലും വെബ്‌സൈറ്റില്‍നിന്നോ സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത വീഡിയോകളാകുമെന്നാണ് പോലീസ് ആദ്യം കരുതിയത്. വിശദമായി പരിശോധിച്ചതോടെ എല്ലാ ദൃശ്യങ്ങളിലുമുള്ളത് ഒരാളാണെന്നും ഇത് പെരുമാള്‍ ആണെന്നും വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പീഡനപരമ്പരയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. 

താനുമായി ബന്ധമുള്ള യുവതിയുടെ മകളെയും ഇവരുടെ സഹോദരിയുടെ മകളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഈ കുട്ടികളുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ചു. അഞ്ച് പെണ്‍കുട്ടികളെയും ആറുമാസത്തിനിടെ പലതവണ പീഡനത്തിനിരയാക്കിയതായും പ്രതി പോലീസിനോട് പറഞ്ഞു. ഇതോടെയാണ് പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

സഹോദരിമാരായ യുവതികളുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് പെരുമാളുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുടെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയതിന്റെ പണത്തിന് പകരമായാണ് ഇവര്‍ മക്കളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിലും സഹോദരിമാര്‍ക്ക് പങ്കുണ്ടെന്നും ഇവരുടെ മക്കള്‍ക്കൊപ്പം വീട്ടില്‍ കളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് പീഡനത്തിനിരയായ മറ്റുള്ളവരെന്നും പോലീസ് പറഞ്ഞു. 

ഞെട്ടിക്കുന്ന കേസാണ് ഇതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കാര്‍ത്തികേയന്‍ പറഞ്ഞു. കുട്ടികളെല്ലാം നാല് മുതല്‍ 13 വയസ്സുവരെ പ്രായമുള്ളവരാണ്. എന്താണ് സംഭവിച്ചതെന്ന് അവരുടെ മാതാപിതാക്കളോട് പോലും പറയാന്‍ അറിയാത്ത പ്രായം. പോലീസ് ഇന്‍സ്‌പെക്ടര്‍ വ്യാപാരിയുടെ ഫോണ്‍ പരിശോധിച്ചിരുന്നില്ലെങ്കില്‍ ഈ സംഭവം പുറത്തറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: chennai shopkeeper sexually assaults five minor girls in chennai