ചെന്നൈ: വാട്സാപ്പിൽ അശ്ലീലസന്ദേശങ്ങൾ അയച്ചുവെന്നത് ഉൾപ്പെടെ വിദ്യാർഥിനികൾ ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടർന്ന് സ്വകാര്യ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കെ.കെ. നഗറിലെ പത്മശേഷാദ്രി ബാലഭവൻ (പി.എസ്.ബി.ബി.) സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം അധ്യാപകൻ രാജാഗോപാലനെയാണ് അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിദ്യാർഥിനികൾ അധ്യാപകനെതിരേ ആരോപണം ഉന്നയിച്ചത്. ഈ അധ്യാപകൻ മുമ്പ് തങ്ങളോടും മോശമായി പെരുമാറിയിരുന്നുവെന്ന് മുൻ വിദ്യാർഥിനികളും ആരോപിച്ചു.

ഡി.എം.കെ. എം.പി. കനിമൊഴി അടക്കമുള്ളവർ ആരോപണം ഏറ്റെടുത്തതോടെയാണ് പോലീസ് രാജഗോപാലനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയും പിടിച്ചെടുത്തു. കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു. അഞ്ചു വർഷമായി വിദ്യാർഥിനികളുമായി ഇത്തരത്തിൽ ഇടപെട്ടിരുന്നതായി രാജഗോപാലൻ പോലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്. 20 വർഷത്തിൽ കൂടുതലായി ഈ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകനെതിരേ ഇതുവരെ ഇത്തരം പരാതി ലഭിച്ചിട്ടില്ലെന്ന് ആദ്യം വിശദീകരിച്ച സ്കൂൾ അധികൃതർ പിന്നീട് ഇയാളെ സസ്പെൻഡ് ചെയ്തതായി അറിയിച്ചു.

ഷർട്ട് ധരിക്കാതെ തോർത്ത് ഉടുത്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത രാജഗോപാൽ അശ്ലീലസന്ദേശങ്ങൾ അയക്കുന്നതും ലൈംഗികചുവയുള്ള സംഭാഷണങ്ങൾക്ക് ശ്രമിക്കുന്നതും പതിവാണെന്ന് വിദ്യാർഥിനികൾ ആരോപിക്കുന്നു. വിദ്യാർഥിനികളോട് നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടിരുന്നു. അശ്ലീലസന്ദേശം ലഭിച്ച വിദ്യാർഥിനികൾ മുൻ വിദ്യാർഥിനികളോട് അധ്യാപകനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ തങ്ങൾക്ക് നേരിട്ട മോശം അനുഭവം പങ്കുവെക്കുകയായിരുന്നു.

Content Highlights:chennai school teacher arrested after sexual harassment allegation by students