ചെന്നൈ: കുപ്രസിദ്ധ റൗഡി മാർക്കറ്റ് ശങ്കർ (48) ചെന്നൈ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കോൺസ്റ്റബിളിനെ ആക്രമിച്ചതോടെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ചെന്നൈ ന്യൂ ആവഡി റോഡിൽ കഴിഞ്ഞദിവസം രാവിലെ ആറരയോടെയായിരുന്നു സംഭവം.

അയനാവരം സ്വദേശിയായ ഇയാൾക്കെതിരേ നാല് കൊലക്കേസുകളുൾപ്പെടെ അൻപതോളം ക്രിമിനൽ കേസുകളുണ്ട്. ഒൻപതു തവണ ഗുണ്ടാനിയമപ്രകാരം പോലീസ് പിടിയിലായിട്ടുള്ളയാളാണ്.

സംഭവത്തിൽ പോലീസ് പറയുന്നത്: കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായാണ് അയനാവരം പോലീസ് ഇൻസ്പെക്ടർ നടരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ശങ്കറിന്റെ സങ്കേതത്തിലെത്തിയത്.

തുടർന്ന് ശങ്കറിനെയും കൂട്ടി കഞ്ചാവ് ഒളിപ്പിച്ചിരുന്ന ന്യൂ ആവഡി റോഡിലെ ആളൊഴിഞ്ഞ കേന്ദ്രത്തിലെത്തി. അവിടെനിന്ന് കഞ്ചാവ് പിടിച്ചെടുക്കുന്നതിനിടെ പോലീസ് സംഘത്തിലുണ്ടായിരുന്ന കോൺസ്റ്റബിളിനെ ശങ്കർ കത്തിയുപയോഗിച്ച് ആക്രമിച്ചു. അതോടെ പ്രതിരോധത്തിനായി ഇൻസ്പെക്ടർ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റുവീണ ശങ്കറിനെ കിൽപ്പോക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കറ്റ കോൺസ്റ്റബിളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസുകാരനെ ആക്രമിച്ചതോടെയാണ് ഇൻസ്പെക്ടർക്ക് പ്രതിക്കുനേരേ നിറയൊഴിക്കേണ്ടിവന്നതെന്ന് ചെന്നൈ പോലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാൾ പറഞ്ഞു. സംഭവത്തിൽ മജിസ്ട്രേറ്റുതല അന്വേഷണം ആരംഭിച്ചു. എഗ്മോർ കോടതിയിലെ ജഡ്ജി റോസ്ലിൻ ദുരൈയാണ് അന്വേഷണം നടത്തുന്നത്.

Content Highlights:chennai rowdy market shankar killed in an encounter with police