ചെന്നൈ: മൈലാപ്പൂരിലെ ഇരട്ടക്കൊല കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലപ്പെട്ട മീനാക്ഷിയുടെ സഹോദരി ലത(40)യെയാണ് സി.ബി-സി.ഐ.ഡി. പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കേസിലെ പരാതിക്കാരിയായിരുന്ന ലതയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

2017 ജനുവരിയിലാണ് മൈലാപ്പൂരിലെ ധർമരാജൻ, ഭാര്യ മീനാക്ഷി എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മീനാക്ഷിയുടെ സഹോദരി ലത പരാതി നൽകിയതോടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ദമ്പതിമാരുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഇരുവരെയും വിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പിന്നാലെ മീനാക്ഷിയുടെ മറ്റൊരു സഹോദരി മൈഥിലി, ഭർത്താവ് പ്രവീൺകുമാർ, മകൻ ശരവണൻ, സുഹൃത്തായ ബാലമുരുകൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ, വീണ്ടും ദുരൂഹതകൾ ബാക്കിയായതിനാൽ 2018-ൽ കേസ് സി.ബി-സി.ഐ.ഡിക്ക് കൈമാറി. ഇതോടെയാണ് പരാതിക്കാരിയായ ലതയിലേക്കും അന്വേഷണം നീണ്ടത്.

കുട്ടികളില്ലാത്തതിനാൽ ധർമരാജനും മീനാക്ഷിയും തങ്ങളുടെ കാലശേഷം സ്വത്ത് വകകളുടെ മേൽനോട്ടം ലതയ്ക്ക് കൈമാറിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയതോടെ ലതയുടെ ഫോൺവിളി വിവരങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിച്ചു. മീനാക്ഷിയുടെ അക്കൗണ്ടിൽനിന്ന് ലതയുടെ അക്കൗണ്ടിലേക്ക് പണം വന്നതായും കണ്ടെത്തി. തുടർന്ന് ലതയെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇരട്ടക്കൊലക്കേസിൽ ഇവരുടെ പങ്കും വ്യക്തമായത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Content Highlights:chennai mylapore double murder case victims sister arrested