ചെന്നൈ: അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പോലീസിന്റെ ആംഡ് റിസര്‍വ് യൂണിറ്റിലെ ഉദ്യോഗസ്ഥരായ ബി. രവീന്ദ്രന്‍(32) വി. കാര്‍ത്തിക്(34) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആമ്പത്തൂര്‍ എസ്റ്റേറ്റ് റോഡിലെ സ്വകാര്യ സ്‌കൂളിന് സമീപമായിരുന്നു അപകടം. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ആമ്പത്തൂര്‍ സ്വദേശി എസ്. അമൃതിനെ(25) പോലീസ് അറസ്റ്റ് ചെയ്തു. 

പുലര്‍ച്ചെ കോയമ്പേടില്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് പോലീസുകാര്‍ അപകടത്തില്‍പ്പെട്ടത്. രവീന്ദ്രനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. സ്വകാര്യ സ്‌കൂളിന് സമീപത്തുവെച്ച് വലത്തോട്ട് തിരിഞ്ഞ ബൈക്കിനെ എതിര്‍ദിശയില്‍നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങുകയും രണ്ടുപേരും തെറിച്ചുവീഴുകയും ചെയ്തു. രവീന്ദ്രന്‍ സംഭവസ്ഥലത്തുവെച്ചും കാര്‍ത്തിക്ക് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അമൃതിനൊപ്പം നൊലമ്പൂര്‍ സ്വദേശി വരുണ്‍ ശേഖര്‍(20) കെ.കെ. നഗര്‍ സ്വദേശി രോഹിത് സൂര്യ(21) എന്നിവരാണ് കാറിലുണ്ടായിരുന്നത്. വരുണിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നും സംഭവസമയത്ത് അമൃതാണ് വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. രോഹിതിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൂവര്‍ സംഘം. 

Content Highlights: chennai mogappair accident car hits bike two police officers died