ചെങ്ങന്നൂര്‍: മോഷണശ്രമത്തിനിടെ വൃദ്ധദമ്പതിമാരെ വീടിനുള്ളില്‍ ബംഗ്ലാദേശി തൊഴിലാളികള്‍ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

വെണ്മണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എ.പി.ചെറിയാന്‍ (കുഞ്ഞുമോന്‍- 75), ഭാര്യ ലില്ലി (68) എന്നിവരാണ് 2019 നവംബര്‍ 12-ന് ക്രൂരമായി കൊല്ലപ്പെട്ടത്. ബംഗ്ലാദേശികളായ ലബ്ലു ഹസന്‍ (27), ജുവല്‍ ഹസന്‍ (22) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും പ്രതികള്‍. സംഭവം നടന്ന് 86-ാം ദിവസം ചെങ്ങന്നൂര്‍ ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സി.സി. ടി.വി.യുടെ സഹായം

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പ്രതികള്‍ തീവണ്ടികയറുന്നത് സി.സി.ടി.വി.യില്‍ കണ്ട പോലീസ് ഉടന്‍തന്നെ ആര്‍.പി.എഫിന് വിവരംകൈമാറി. ചെന്നൈയിലെ സി.സി. ടി.വി. ദൃശ്യങ്ങളിലും പ്രതികളെ തിരിച്ചറിഞ്ഞതോടെ ആര്‍.പി.എഫ്. ഇവരെ പിന്തുടര്‍ന്നു. റെയില്‍വേ പോലീസിന്റെ സഹായത്തോടെ വിശാഖപട്ടണത്തുനിന്ന് പിടികൂടുകയായിരുന്നു.

വിശാഖപട്ടണം പോലീസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേസില്‍ 83 സാക്ഷികളുണ്ട്. കൊലപാതകം, ഭവനഭേദനം, കവര്‍ച്ച, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികളില്‍ ചുമത്തിയിട്ടുണ്ട്.

താമസിച്ചത് ബംഗാളികളെന്ന വ്യാജേന

പ്രദേശത്ത് ബംഗാളികള്‍ എന്ന വ്യാജേന താമസിച്ചിരുന്ന പ്രതികള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലനടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദമ്പതിമാരുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണവും പണവുമുണ്ടെന്ന് മനസ്സിലാക്കിയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് തീവണ്ടിമാര്‍ഗം ബംഗാളിലെത്തി അവിടെ നിന്ന് ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് 46 പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നു.

Content Highlights: chengannur venmani double murder; police submitted charge sheet