ചെങ്ങന്നൂര്‍: ഫെയ്‌സ്ബുക്കില്‍ യുവാവുമായി ബന്ധം സ്ഥാപിച്ച് ലോഡ്ജില്‍ വിളിച്ചുവരുത്തി ബിയറില്‍ ഉറക്കമരുന്നുനല്‍കി ആഭരണങ്ങളുമായി കടന്ന യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. പത്തനംതിട്ട കുരമ്പാല മാവിളതെക്കേതില്‍ രതീഷ് എസ്. നായര്‍ (36) മുളക്കുഴ കാരയ്ക്കാട് തടത്തില്‍മേലതില്‍ രാഖി (31) എന്നിവരെയാണ് പളനിയില്‍നിന്ന് ചെങ്ങന്നൂര്‍ പോലീസ് പിടിച്ചത്. പഴയസഹപാഠിയെന്ന വ്യാജേനയാണ് ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങളാണു കവര്‍ന്നത്. സമാനസംഭവങ്ങളില്‍ ഓച്ചിറയിലും പാലാരിവട്ടത്തും പണം തട്ടിയതിനും ഇവര്‍ക്കെതിരേ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. 13 വര്‍ഷമായി ഒരുമിച്ചു കഴിയുന്ന ദമ്പതിമാര്‍ക്ക് ഒരു കുട്ടിയുണ്ട്.

കഴിഞ്ഞ 13-ന് ഫെയ്‌സ്ബുക്കുവഴി പരിചയപ്പെട്ടതാണു യുവതിയെ എന്ന് പരാതിക്കാരന്‍ പറയുന്നു. ജൂനിയറായി തുറവൂര്‍ സ്‌കൂളില്‍ പഠിച്ചതാണ്. ഇപ്പോള്‍ ചെന്നൈയില്‍ ഐ.ടി. കമ്പനിയിലാണു ജോലി എന്നും അറിയിച്ചു.

18-ന് ചെങ്ങന്നൂരില്‍ ബന്ധുവിന്റെ വിവാഹസത്കാരത്തിനു വരുമെന്നും കാണാമെന്നും തട്ടിപ്പുകാര്‍ അറിയിച്ചു. ഇതനുസരിച്ചു പകല്‍ ഒരുമണിയോടെ ചെങ്ങന്നൂരില്‍ എത്തിയ യുവാവിനോട് ആശുപത്രി ജങ്ഷനു സമീപമുള്ള ലോഡ്ജില്‍ താന്‍ ഉണ്ടെന്ന് അറിയിച്ചു. അവിടേക്കു വരാനും ആവശ്യപ്പെട്ടു. മുറിയില്‍ എത്തിയപ്പോള്‍ യുവതി ബിയര്‍ നല്‍കി. ഇതു കുടിച്ച് ഉറങ്ങിപ്പോയി. രാത്രി 10 മണിയോടെ ലോഡ്ജ് ജീവനക്കാര്‍ വന്നുവിളിച്ചപ്പോഴാണ് യുവാവിനു ബോധംതെളിഞ്ഞത്. യുവതി മുറിയില്‍ ഉണ്ടായിരുന്നില്ല. മൂന്നുപവന്‍ സ്വര്‍ണമാലയും ഒന്നരപ്പവന്‍ വരുന്ന കൈച്ചെയിനും ഒരുപവന്‍ വരുന്ന മോതിരവും മൊബൈല്‍ ഫോണും കവര്‍ന്നു.

പിടികൂടിയത് പളനിയിലെ ഹോട്ടലില്‍നിന്ന്

പളനിയില്‍ ആഡംബര ഹോട്ടലില്‍നിന്നാണു പ്രതികളെ പിടികൂടിയത്. ഇത്തരം തട്ടിപ്പു പതിവാക്കിയവരാണു ദമ്പതികളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 12-ന് ഓച്ചിറയില്‍ സമാനരീതിയില്‍ മൂന്നുപവന്‍ സ്വര്‍ണവും ഐഫോണും കവര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ പാലാരിവട്ടത്തുനിന്ന് അഞ്ചരപ്പവന്‍ സ്വര്‍ണമാലയും ഐഫോണും അപഹരിച്ചതിനും കേസുണ്ട്. സംഭവത്തില്‍ ഇരകളായവര്‍ പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

തട്ടിയെടുത്ത സ്വര്‍ണം കണ്ടെടുക്കാനായില്ല. വിറ്റെന്നാണു പ്രതികള്‍ പോലീസിനു മൊഴി നല്‍കിയത്. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്. ഡിവൈ.എസ്.പി. ആര്‍. ജോസിന്റെ നേതൃത്വത്തില്‍ സി.ഐ. ഡി. ബിജുകുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ കെ. ബാലകൃഷ്ണന്‍, പദ്മരാജന്‍, പി. ജയേഷ്, സി.പി.ഒ.മാരായ സിജു, അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: chengannur honeytrap and robbery case couple arrested by police