ചെങ്ങന്നൂര്‍: ഫെയ്സ്ബുക്ക് മെസഞ്ചറില്‍ വെറുമൊരു 'ഹായ്' പറഞ്ഞാണ് രതീഷും രാഖിയും പലരെയും കെണിയിലാക്കി സ്വര്‍ണവും പണവും തട്ടിയിരുന്നത്. 'ശാരദ ബാബു' എന്ന വ്യാജ ഐ.ഡി. നിര്‍മിച്ചാണ് തുറവൂര്‍ സ്വദേശിയെ ചെങ്ങന്നൂരിലേക്ക് വിളിച്ചുവരുത്തിയത്. മെസഞ്ചറിലെ വീഡിയോകോളിലൂടെ സീനിയറായി പഠിച്ചതാണെന്ന് വിശ്വസിപ്പിച്ച്, 'അമൃത നായര്‍' എന്ന ഐ.ഡിവഴി മാവേലിക്കരക്കാരനെയും പറ്റിച്ചു. 'അശ്വതി അമ്മു', 'ചിഞ്ചു എസ്.പിള്ള' തുടങ്ങി പലപേരുകളിലും ഇവര്‍ക്ക് ഫെയ്സ്ബുക്കില്‍ അക്കൗണ്ടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

വിവാഹിതരായ പുരുഷന്മാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. പറ്റിക്കപ്പെട്ടാല്‍ കുടുംബബന്ധം തകരുമെന്നോര്‍ത്ത് ഇവര്‍ സംഭവം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യില്ലെന്ന വിശ്വാസത്തിലാണിത്.

17-ന് ചെങ്ങന്നൂരിലെ മറ്റൊരുഹോട്ടലില്‍ പ്രതികള്‍ മുറിയെടുത്തിരുന്നു. ഇതിനുപുറമേയാണ് വൈകീട്ട് ഗവ. ആശുപത്രി ജങ്ഷനിലെ ലോഡ്ജിലും മുറിയെടുത്തത്.

അടൂര്‍സ്വദേശിയായ യുവാവ് ഇവരെ തിരക്കി ലോഡ്ജിലെത്തിയിരുന്നെങ്കിലും ലോഡ്ജ് ഉടമ കടത്തിവിടാഞ്ഞതിനാല്‍ കെണിയില്‍പ്പെട്ടില്ല. ഇയാളെയും സമാനരീതിയില്‍ കെണിയില്‍പ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതാണെന്നു പോലീസ് പറഞ്ഞു. തൊടുപുഴ സ്വദേശിയുമായി സൗഹൃദത്തിലായ യുവതി ഇയാളെയും കുരുക്കിലാക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

കൈയടിക്കണം, പോലീസിന്റെ ചടുലനീക്കത്തിന്

ചെങ്ങന്നൂര്‍: ക്യാമറയില്‍ അവ്യക്തമായ ലഭിച്ച കാറിന്റെ നമ്പര്‍ പിടിവള്ളിയാക്കി പോലീസ് അന്വേഷിച്ചെത്തിയത് പളനി വരെ. ടി.എന്‍. എന്ന് തുടങ്ങുന്ന നമ്പറാണെന്ന് മനസ്സിലാക്കിയിരുന്നു. തുടര്‍ന്നുള്ള നമ്പറുകള്‍ തെളിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹനവകുപ്പും ഉപയോഗിക്കുന്ന ക്രൈംഡ്രൈവ് എന്ന ആപ്ലിക്കേഷന്‍ വഴി നടത്തിയ ഏറെ ശ്രമകരമായ തിരച്ചിലിലാണ് നമ്പര്‍ ഏതെന്ന് മനസ്സിലായതും പ്രതികളെപ്പറ്റി ധാരണകിട്ടിയതും.

പ്രതികള്‍ ഫോണ്‍ ഉപയോഗിക്കാഞ്ഞതിനാല്‍ ഇവരെ പിടികൂടുന്നതു പിന്നെയും ശ്രമകരമായിരുന്നു. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പളനിയിലേക്ക് കടന്നെന്ന് മനസ്സിലാക്കാനായതാണ് വഴിത്തിരിവായത്.

ചെങ്ങന്നൂര്‍ പോലീസിലെ നാലുപേര്‍ വേഷം മാറി പളനിയിലെത്തി. എവിടെനിന്നു അന്വേഷണം തുടങ്ങുമെന്ന സംശയമായിരുന്നു അപ്പോഴും. ഒടുവില്‍ പളനിക്ഷേത്രത്തില്‍നിന്നു അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ലോഡ്ജും ഹോട്ടലും പരിശോധിക്കാന്‍ തീരുമാനിച്ചു. നാലായിത്തിരിഞ്ഞ് ലോഡ്ജിന്റെയും ഹോട്ടലുകളുടെയും പാര്‍ക്കിങ് സ്ഥലം പരിശോധിക്കലായിരുന്നു ആദ്യം. എണ്‍പതോളം സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയതിനുശേഷമാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നു കാര്‍ കണ്ടെത്തിയതും പ്രതികളെ വലയിലാക്കിയതും.