മുംബൈ: തലയില്‍ കോണ്ടം മുറുക്കിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ നീര്‍ക്കോലിയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മുംബൈ കാണ്ഡിവാലി ഗ്രീന്‍ മെഡോസ് ഹൗസിങ് സൊസൈറ്റിക്ക് സമീപം കണ്ടെത്തിയ നീര്‍ക്കോലിയെയാണ് അത്യാഹിതമൊന്നും സംഭവിക്കാതെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. 

തലയില്‍ പ്ലാസ്റ്റിക് കവര്‍ മൂടിയ നിലയില്‍ ഒരു പാമ്പിനെ കണ്ടെന്ന വിവരം ലഭിച്ചാണ് മൃഗസംരക്ഷണ പ്രവര്‍ത്തകയായ മിത മാല്‍വാങ്കര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അത് നീര്‍ക്കോലിയാണെന്നും, ഉപയോഗശൂന്യമായ കോണ്ടമാണ് തലയില്‍ മുറുക്കിക്കെട്ടിയിരിക്കുന്നതെന്നും മനസിലായത്. ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട നീര്‍ക്കോലിയുടെ തലയില്‍നിന്നും കോണ്ടം നീക്കിയ ഇവര്‍ പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. 

രക്ഷപ്പെടുത്തിയ നീര്‍ക്കോലിയെ പിന്നീട് ബോറിവള്ളിയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലാണ് എത്തിച്ചത്. വെറ്ററിനറി ഓഫീസര്‍ ഡോ. ശൈലേഷ് പേഥെ വിശദമായ പരിശോധന നടത്തിയ ശേഷം നീര്‍ക്കോലിയെ വനമേഖലയില്‍ ഉപേക്ഷിച്ചു. 

ഉരഗങ്ങളെ കൈകാര്യം ചെയ്ത് പരിചയമുള്ളവരാണ് ഈ ക്രൂരത ചെയ്തതെന്നാണ് മിതയുടെ അഭിപ്രായം. അല്ലാത്തവര്‍ക്ക് ഇത്തരത്തിലൊരു കൃത്യം നടത്താനാകില്ലെന്നും മിത മാല്‍വാങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: checkered keelback head covered with condom rescued later