നിലമ്പൂര്‍: പൂജയുടെ മറവില്‍ തട്ടിപ്പ് നടത്തി ഒളിവില്‍കഴിഞ്ഞയാളെ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശി കൂപ്ലിക്കാട്ടില്‍ രമേശിനെയാണ് (36) വ്യാഴാഴ്ച പുലര്‍ച്ചെ കൊല്ലം പുനലൂര്‍ കുന്നിക്കോടുള്ള വാടകവീട്ടില്‍നിന്ന് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു.

പ്രത്യേക പൂജ നടത്തി സ്വര്‍ണനിധി എടുത്തുനല്‍കാമെന്നും ചൊവ്വാദോഷം മാറ്റിനല്‍കാമെന്നും പറഞ്ഞ് പത്രപ്പരസ്യം നല്‍കി ആളുകളെ വലയില്‍ വീഴ്ത്തി ലക്ഷങ്ങളുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയയാളാണ് രമേശ്. വണ്ടൂര്‍ സ്വദേശിനിയില്‍നിന്ന് 2017 ഓഗസ്റ്റ് 16 മുതല്‍ വിവിധ ദിവസങ്ങളിലായി അക്കൗണ്ട് വഴി 1,10,000 രൂപ കൈപ്പറ്റി. ചൊവ്വാദോഷമകറ്റി വിവാഹം ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കഴിഞ്ഞ ജനുവരിയില്‍ കേസെടുത്തു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ്.

വയനാട് ജില്ലയില്‍ പ്രതി സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറയുന്നു. രണ്ടു കുട്ടികളുടെ മാതാവായ കോഴിക്കോട്ടുകാരിയായ വീട്ടമ്മയെ പ്രണയിച്ച് വിവാഹം കഴിച്ച ഇയാള്‍ കല്പറ്റ മണിയന്‍കോട് ക്ഷേത്രത്തിനു സമീപം പൂജയും തട്ടിപ്പും നടത്തി താമസിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചശേഷം രണ്ടു വര്‍ഷംമുമ്പ് ഇവരെ ഉപേക്ഷിച്ച് മുങ്ങി. ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി പ്രണയത്തിലായ ഇയാള്‍ അവര്‍ക്കൊപ്പം പുനലൂരില്‍ താമസിക്കുകയായിരുന്നു. അതിനിടയിലാണ് അറസ്റ്റ്.

വയനാട്ടില്‍നിന്ന് പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ആദ്യഭാര്യയുമായോ ഒരു ബന്ധവും പുലര്‍ത്തിയില്ല. പുനലൂരിലെ ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്യുകയായിരുന്നു പ്രതി. പോലീസുകാര്‍ ആഴ്ചകളോളം പല വേഷത്തില്‍നടന്ന് നിരീക്ഷണം നടത്തിയാണ് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. അവിടെയും പ്രതി പൂജകള്‍ നടത്തുന്നതായി പോലീസിന് വിവരമുണ്ട്.

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്നു വിശ്വസിപ്പിച്ച് പുറത്തെടുക്കാനും പൂജ നടത്താനുമുള്ള ചെലവിലേക്ക് അഞ്ച് പവന്റെ സ്വര്‍ണാഭരണം തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സമാനരീതിയില്‍ മീനങ്ങാടി സ്വദേശിനിയായ യുവതിയില്‍നിന്ന് എട്ടു പവന്റെ സ്വര്‍ണാഭരണവും തട്ടിയെടുത്തു. മണിയങ്കോട് സ്വദേശി സന്തോഷിനെയും സമാനമായ രീതിയില്‍ പറ്റിച്ചു. ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരില്‍ വീടിനുചുറ്റും ആഴത്തില്‍ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.

പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. എം. അസൈനാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദാലി, സഞ്ചു, സി.പി.ഒ.മാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എം. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.