തിരുവനന്തപുരം: ഷാഡോ പോലീസ് ചമഞ്ഞ് പിടിച്ചുപറി നടത്തിയ രണ്ടുപേരെ തമ്പാനൂര്‍ പോലീസ് പിടികൂടി. ശാന്തിവിള കുറുവാണി മുസ്ലിംപള്ളിക്ക് സമീപം പുത്തന്‍ വീട്ടില്‍ ഷിബു, മുട്ടത്തറ പരുത്തിക്കുഴി മദ്രസ റോഡ് പുതുവല്‍പുത്തന്‍വീട്ടില്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.
 
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു തൂത്തുക്കുടിയിലേക്ക് പോകാനായി ബസ് കാത്തുനിന്ന തമിഴ്‌നാട് സ്വദേശി തിരുപാര്‍പ്പിനെയാണ് ഷാഡോ പോലീസാണെന്ന് ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചത്.
 
സ്‌കൂട്ടറിലെത്തിയ പ്രതികള്‍ തിരുപാര്‍പ്പിനെ തടഞ്ഞുനിര്‍ത്തി കഞ്ചാവ് ഉണ്ടോയെന്ന് ചോദിച്ചശേഷം പോക്കറ്റിലുണ്ടായിരുന്ന 42,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
 
തമ്പാനൂര്‍ സി.ഐ. ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.എല്‍.സമ്പത്താണ് പ്രതികളെ പിടികൂടിയത്.