കൊച്ചി:  നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ വഴിത്തിരിവ്. കേസിലെ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശിയും നടിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി. ടോമി സെബാസ്റ്റിയന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

39 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുക്കാതെ സണ്ണി ലിയോണ്‍ വഞ്ചിച്ചെന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതി. എന്നാല്‍ പരാതിക്കാരനുമായി സണ്ണി ലിയോണ്‍ കരാറുകളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞത് വാക്കാല്‍ മാത്രമാണ്. മാത്രമല്ല, പരാതിക്കാരന്‍ നടിക്ക് നേരിട്ട് പണം കൈമാറിയിട്ടില്ല. മറ്റുചിലരാണ് സണ്ണി ലിയോണിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. ഇവരാരും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി നല്‍കിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എസ്.പി. പറഞ്ഞു. എന്തുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച സ്റ്റേജ് ഷോ നടക്കാതിരുന്നതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസില്‍ സണ്ണി ലിയോണിനെതിരാ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്നതും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇരുവിഭാഗത്തിന്റെയും മൊഴികള്‍ അന്വേഷണസംഘം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

വഞ്ചനാ കേസില്‍ സണ്ണി ലിയോണിനെയും ഭര്‍ത്താവിനെയും ഇവരുടെ ജീവനക്കാരനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി കഴിഞ്ഞദിവസം തടഞ്ഞിരുന്നു. സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. വേണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഇവരെ ചോദ്യംചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

പെരുമ്പാവൂര്‍ സ്വദേശിയെ വഞ്ചിച്ചെന്ന പരാതി തെറ്റാണെന്നാണ് സണ്ണി ലിയോണിന്റെ പ്രതികരണം. 30 ലക്ഷമാണ് ഫീസെന്നും തുക പൂര്‍ണമായി തന്നാലേ പരിപാടി നടത്തൂ എന്നും ആദ്യമേ അറിയിച്ചിരുന്നു. തീയതികളും വേദിയും പലതവണ മാറ്റിയശേഷം ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14-ന് പരിപാടി നിശ്ചയിച്ചു. അന്ന് എത്തിയെങ്കിലും തുക മുഴുവന്‍ നല്‍കാതെ ഷോ നടത്തണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചില്ല. അത് സിവില്‍തര്‍ക്കം മാത്രമാണ്. വിശ്വാസവഞ്ചനയുള്‍പ്പെടെ ക്രിമിനല്‍ കുറ്റം നില്‍ക്കില്ല. പരാതിക്കാരന്റെ രാഷ്ട്രീയസ്വാധീനംമൂലം അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കോടതിയെ സമീപിക്കുന്നതെന്നും നടിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

Content Highlights: cheating case against sunny leone crime branch revealed more details