റാഞ്ചി: ജീൻസ് ധരിച്ചതിന് അശ്ലീല പരാമർശം നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്തയാളെ കൈകാര്യം ചെയ്ത് പെൺകുട്ടി. ഛത്തീസ്ഗഢിലെ ദാംതാരി ജില്ലയിലെ പെൺകുട്ടിയാണ് തന്റെ വസ്ത്രധാരണത്തെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ ആൺകുട്ടിയെ പരസ്യമായി മർദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വസ്ത്രധാരണത്തെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയതോടെയാണ് പെൺകുട്ടി ആൺകുട്ടിയെ കൈകാര്യം ചെയ്തതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ദാംതാരി ജില്ലയിൽ ഒരു മേളയ്ക്കിടെയായിരുന്നു സംഭവം.

അശ്ലീല പരാമർശം നടത്തിയയാളെ പെൺകുട്ടി പിടിച്ചുവെക്കുകയും പൊതിരെ തല്ലുകയുമായിരുന്നു. മേള നടക്കുന്ന സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും സംഭവത്തിൽ ഇടപെട്ടില്ല. സമീപത്തുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തിയ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടി ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ദാംതരി എസ്.പി. രാജ്ഭാനു പ്രതികരിച്ചു. സ്ത്രീകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് എത്ര മാത്രം ബോധവാന്മാരാണെന്നതിന് തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ വിവാദ ജീൻസ് പരാമർശത്തിന് പിന്നാലെയാണ് ഛത്തീസ്ഗഢിലെ വീഡിയോയും പുറത്തു വന്നത്. കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നായിരുന്നു തീരഥ് സിങ് റാവത്തിന്റെ വിവാദപരാമർശം. സാമൂഹിക മാധ്യമങ്ങളിലടക്കം ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണുമയർന്നത്.

Content Highlights:chattisgarh girl thrashes a boy after he teases her